ന്യൂഡൽഹി: ഡൽഹി തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഉയർത്തി കാണിക്കാൻ ഒരു നേതാവ് പോലും ഉണ്ടായിരുന്നില്ലെന്ന് പാർട്ടിയുടെ മുതിർന്ന നേതാവ് കപിൽ സിബൽ. ഇതാണ് പാർട്ടിക്കുള്ളിലെ പ്രതിസന്ധിയെന്നും എത്രയും വേഗം പരിഹാരം കാണാനാണ് ശ്രമിക്കുന്നതെന്നും കപിൽ സിബൽ പറഞ്ഞു.
ജനങ്ങളെ ഭിന്നിപ്പിച്ചും തമ്മിലടിപ്പിച്ചും ബിജെപിയും അവരുടെ മന്ത്രിമാരും നടത്തുന്ന പ്രചാരണങ്ങൾ രാജ്യത്ത് ഇനി വിലപ്പോവില്ലെന്നാണ് ഡൽഹിയിൽ തെളിഞ്ഞത്. ജാർഖണ്ഡ്, ഛത്തീസ്ഗഡ് തെരഞ്ഞെടുപ്പുകളിലെ ഫലങ്ങളിലും ഇക്കാര്യം കാണാം. തെരഞ്ഞെടുപ്പ് ജയം മുന്നിൽകണ്ട് ജനങ്ങളെ വിഭജിക്കുന്നത് നിർത്തണമെന്ന് അമിത് ഷാ മനസിലാക്കേണ്ട സമയമാണിത്. ഡൽഹിയിലെ അതേ ജനവിധി തന്നെയാണ് ഈ വർഷം അവസാനത്തോടെ നടക്കാനിരിക്കുന്ന ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിലും ബിജെപിക്ക് സംഭവിക്കാനിരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു സീറ്റ് പോലും നേടാതെയാണ് കോൺഗ്രസ് പരാജയം ഏറ്റുവാങ്ങിയത്. അതേസമയം, 70ൽ 62 സീറ്റ് നേടി ആം ആദ്മി പാർട്ടി മൂന്നാം തവണയും അധികാരത്തിലേറി. ബിജെപിക്ക് എട്ട് സീറ്റുകളാണ് ലഭിച്ചത്.
Discussion about this post