ന്യൂഡൽഹി: എസ്പിജി സുരക്ഷ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് മാത്രമായി വെട്ടിച്ചുരുക്കി ചെലവു ചുരുക്കൽ പ്രഖ്യാപിച്ച കേന്ദ്ര സർക്കാർ ഒരു ദിവസത്തെ എസ്പിജി സുരക്ഷയ്ക്കായി ചെലവഴിക്കുന്നത് ഒന്നര കോടിയിലേറെ രൂപ. 1.62 കോടി രൂപ ദിനം പ്രതി പ്രധാനമന്ത്രിയുടെ എസ്പിജി സുരക്ഷയ്ക്കായി ചെലവഴിക്കുന്നു എന്നാണ് പാർലമെന്റിൽ കേന്ദ്രസർക്കാർ വെളിപ്പെടുത്തിയിരിക്കുന്നത്.
2020-21 കാലയളവിൽ എസ്പിജിയുടെ ബജറ്റ് വിഹിതം 10 ശതമാനം വർധിപ്പിച്ചതോടെ പ്രധാനമന്ത്രി മോദിയുടെ എസ്പിജി സുരക്ഷയുടെ ചെലവ് കുത്തനെ ഉയർന്നു. 592 കോടി രൂപയിൽ പ്രധാനമന്ത്രിയെ സംരക്ഷിക്കുന്നതിനുള്ള ചെലവ് പ്രതിദിനം 1.62 കോടി രൂപ അല്ലെങ്കിൽ മണിക്കൂറിൽ 6.75 ലക്ഷം രൂപ അല്ലെങ്കിൽ മിനിറ്റിൽ 11,263 രൂപയാണ്.
ഇതോടൊപ്പം, നരേന്ദ്ര മോഡിക്ക് വേണ്ടി മാത്രമാണ് പ്രത്യേക സംരക്ഷണ സംഘത്തിന്റെ (എസ്പിജി) സുരക്ഷ ലഭ്യമാക്കുന്നതെന്നും ആഭ്യന്തര മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു. പാർലമെന്റിലെ ഒരു ചോദ്യത്തിനാണ് ആഭ്യന്തരമന്ത്രാലയം രേഖാമൂലം മറുപടി നൽകിയത്.
സെൻട്രൽ റിസർവ് പോലീസ് ഫോഴ്സിന്റെയും (സിആർപിഎഫ്) രാജ്യത്തെ പ്രത്യേക സംരക്ഷണ സംഘത്തിന്റെയും (എസ്പിജി) കീഴിൽ നിലവിൽ സംരക്ഷണം ലഭിക്കുന്നവരുടെ വിവരങ്ങൾ ഡിഎംകെ പാർലമെന്റ് അംഗം ദയാനിധി മാരനാണ് ചോദിച്ചത്. ഇതിന് മറുപടിയായി, എസ്പിജി ഒരാളെ മാത്രമേ സംരക്ഷിക്കുന്നുള്ളൂ എന്ന് ആഭ്യന്തര സഹമന്ത്രി ജി കിഷൻ റെഡ്ഡി പറഞ്ഞു. രാജ്യത്തെ 56 പ്രധാന വ്യക്തികൾക്ക് സിആർപിഎഫ് സുരക്ഷ നൽകുന്നു എന്ന് ജി കിഷൻ റെഡ്ഡി ചൊവ്വാഴ്ച ലോക്‌സഭയെ അറിയിച്ചു.
എസ്പിജി സേനയ്ക്ക് 2020-21ൽ 592.55 കോടി രൂപ വകയിരുത്തി – ബജറ്റ് വിഹിതത്തിൽ ഏകദേശം 10 ശതമാനത്തിന്റെ വർധനയാണിത്. കഴിഞ്ഞ വർഷം എസ്പിജി നിയമം ഭേദഗതി ചെയ്യുന്നതിനുമുമ്പ് നാല് വിഐപികളുടെ സംരക്ഷണത്തിന് എസ്പിജി ഉത്തരവാദിത്തമുണ്ടായിരുന്നു എന്നാൽ നിലവിൽ അതില്ലാത്ത സാഹചര്യത്തിൽ ഈ വർധനവ് അപ്രതീക്ഷിതമായിരുന്നു.
കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, മക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി വാർദ്ര എന്നിവരാണ് സുരക്ഷ ലഭിച്ചിരുന്ന മറ്റ് മൂന്ന് പേർ.
Discussion about this post