തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കനത്ത തോല്‍വി; പിസി ചാക്കോ രാജിവെച്ചു

കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിക്ക് പിസി ചാക്കോ രാജിക്കത്ത് കൈമാറി.

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ ഡല്‍ഹി കോണ്‍ഗ്രസിന്റെ ചുമതലയുണ്ടായിരുന്ന പിസി ചാക്കോ സ്ഥാനത്ത് നിന്ന് രാജിവെച്ചു. കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിക്ക് പിസി ചാക്കോ രാജിക്കത്ത് കൈമാറി.

ഷീല ദീക്ഷിത് മുഖ്യമന്ത്രി ആയിരുന്ന സമയത്തു തന്നെ ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ തകര്‍ച്ച ആരംഭിച്ചെന്നും, ആം ആദ്മി പാര്‍ട്ടിയിലേക്ക് പോയ വോട്ടുകള്‍ ഇപ്പോഴും അവിടെ തന്നെ തുടരുകയാണെന്നും രാജിവെക്കുന്നതിന് മുമ്പായി പിസി ചാക്കോ പറഞ്ഞിരുന്നു. കോണ്‍ഗ്രസിന് നഷ്ടമായ വോട്ടുകള്‍ തിരിച്ചു പിടിക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ലെന്നും പിസി ചാക്കോ നേരത്തെ പ്രതികരിച്ചിരുന്നു.

അതേസമയം, തെരഞ്ഞെടുപ്പ് തോല്‍വിയുടെ ധാര്‍മിക ഉത്തരവാദിത്തമേറ്റെടുത്ത് ഡല്‍ഹി പിസിസി അധ്യക്ഷന്‍ സുഭാഷ് ചോപ്ര ഫലപ്രഖ്യാപനത്തിന് പിന്നാലെ രാജിവെച്ചിരുന്നു. കോണ്‍ഗ്രസിന് ഇത്തവണ ഒരു സീറ്റ് പോലും ലഭിച്ചിരുന്നില്ല.

Exit mobile version