ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കാനെത്തുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. വിശിഷ്ടാതിഥികള്‍ക്ക് ഇന്ത്യ അവിസ്മരണീയ സ്വീകരണമൊരുക്കുമെന്നും മോഡി പറഞ്ഞു. ട്വിറ്ററിലൂടെയാണ് മോഡി സന്തോഷം പങ്കുവെച്ചത്.
ഈ മാസം 24നാണ് രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി ഡൊണാള്‍ഡ് ട്രംപും ഭാര്യ മെലാനിയ ട്രംപും ഇന്ത്യയിലെത്തുക. വളരെ സവിശേഷമായ സന്ദര്‍ശനമായിരിക്കും യുഎസ് പ്രസിഡന്റിന്റേതെന്നും ഇന്ത്യ-യുഎസ് സൗഹൃദം ഈ സന്ദര്‍ശനത്തിലൂടെ കൂടുതല്‍ ഊട്ടിഉറപ്പിക്കുമെന്നും മോഡി ട്വീറ്റ് ചെയ്തു.
ജനാധിപത്യത്തോടും ബഹുസ്വരതയോടും പൊതുവായ പ്രതിബദ്ധത പുലര്‍ത്തുന്നവരാണ് ഇന്ത്യയും യുഎസും. വിശാലമായ വിവിധ വിഷയങ്ങളില്‍ ഇരു രാഷ്ട്രങ്ങളും തമ്മില്‍ പരസ്പരം സഹകരിച്ച് വരുന്നുണ്ട്. ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ശക്തമായ സൗഹൃദം നമ്മുടെ പൗരന്മാരില്‍ മാത്രമല്ല ലോകമെമ്പാടും വ്യാപിക്കുന്നുണ്ടെന്നും മോഡി തന്റെ ട്വീറ്റിലൂടെ അറിയിച്ചു.
പ്രധാമന്ത്രി നരേന്ദ്ര മോഡിയുടെ ക്ഷണം സ്വീകരിച്ചെത്തുന്ന ട്രംപിന്റെ ആദ്യ ഇന്ത്യാസന്ദര്‍ശനം കൂടിയാണിത്. ഡല്‍ഹിക്കു പുറമേ ഗുജറാത്തും അദ്ദേഹം സന്ദര്‍ശിക്കുന്നുണ്ട്. ചൊവ്വാഴ്ച രാവിലെ പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് വിദേശകാര്യമന്ത്രാലയം ട്രംപിന്റെ ഇന്ത്യ സന്ദര്‍ശനം സ്ഥിരീകരിച്ചത്.
Discussion about this post