ന്യൂഡൽഹി: രാജ്യത്ത് ജനസംഖ്യാ നിയന്ത്രണം അത്യാവശ്യമാണെന്ന് ചൂണ്ടിക്കാണിച്ച് നിയന്ത്രണങ്ങൾ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ കർശന നടപടികളുമായി കേന്ദ്രസർക്കാർ. രണ്ട് കുട്ടികൾ നയത്തെ പ്രോത്സാഹിപ്പിക്കുന്ന ബിൽ കേന്ദ്രം രാജ്യസഭയിൽ അവതരിപ്പിച്ചു. ആർട്ടിക്കിൾ 47എ പ്രകാരമാണ് പുതിയ ബിൽ ഭരണഘടനയിൽ അവതരിപ്പിച്ചിരിക്കുന്നത്. ശിവസേന എംപിയായ അനിൽ ദേശായിയാണ് സ്വകാര്യ ബില്ലായി ഇക്കാര്യം പാർലമെന്റിൽ അവതരിപ്പിച്ചിരിക്കുന്നത്.
ഇതിനായി ആർട്ടിക്കിൾ 47എ ഭേദഗതി ചെയ്യണമെന്നാണ് ദേശായിയുടെ ആവശ്യം. 47എ ഭേദഗതി പ്രകാരം പ്രകാരം രണ്ട് കുട്ടികളിൽ കൂടുതലുള്ള കുടുംബങ്ങൾക്ക് നികുതി, തൊഴിൽ, വിദ്യാഭ്യാസം ഉൾപ്പെടെയുള്ള മേഖലകളിൽ ആനുകൂല്യങ്ങൾ നൽകരുതെന്നാണ് ആവശ്യപ്പെടുന്നത്.
ഇത് സംബന്ധിച്ച് സംസ്ഥാനങ്ങൾ കൈകൊള്ളേണ്ട നടപടികളെ സംബന്ധിച്ചും ബിൽ നിഷ്‌കർഷിക്കുന്നുണ്ട്. രാജ്യത്തിന്റെ ജനസംഖ്യ 2050 ആകുമ്പോഴേയ്ക്കും ചൈനയെ മറികടക്കുമെന്ന വിലയിരുത്തലിലാണ് ബിൽ സർക്കാർ അവതരിപ്പിച്ചിരിക്കുന്നത്.
Discussion about this post