ചെന്നൈ: നടന് വിജയിയ്ക്ക് പിന്തുണയറിയിച്ച് തമിഴ്നാട്ടില്‍ ആരാധകരുടെ പോസ്റ്റര്‍ പ്രചാരണം. ആദായനികുതിവകുപ്പ് വിജയിയെ 24 മണിക്കൂറോളം ചോദ്യംചെയ്ത സംഭവത്തിനു പിന്നാലെയാണ് ആരാധകര്‍ പോസ്റ്ററിലൂടെ താരത്തിന് പിന്തുണ അറിയിച്ചത്. വിജയുടെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നതിനിടയിലാണ് ആരാധകരുടെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.
‘തമിഴ്നാടിനെ രക്ഷിക്കാന്‍ നിങ്ങള്‍ക്കേ സാധിക്കൂ’ എന്ന് പ്രഖ്യാപിച്ചുകൊണ്ടുള്ളതാണ് പോസ്റ്ററുകള്‍. മധുര ജില്ലയിലെ നിരവധി ഇടങ്ങളിലാണ് ഇത്തരത്തിലുള്ള പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ആന്ധ്ര മുഖ്യമന്ത്രി ജഗന് മോഹന്‍ റെഡ്ഡിയും തിരഞ്ഞെടുപ്പ് വിദഗ്ധന്‍ പ്രശാന്ത് കിഷോറും വിജയ്ക്കൊപ്പം പോസ്റ്ററുകളിലുണ്ട്.
‘ഞങ്ങള്‍ ആന്ധ്രയെ രക്ഷിച്ചു. പ്രശ്നങ്ങളിലകപ്പെട്ടിരിക്കുന്ന തമിഴ്നാടിനെ നിങ്ങള്‍ രക്ഷിക്കണം, ജനങ്ങളുടെ ക്ഷേമം സംരക്ഷിക്കണം’ എന്നാണ് ഇത്തരം പോസ്റ്ററില്‍ ആവശ്യപ്പെടുന്നത്. ജഗന് മോഹന്‍ റെഡ്ഡിയും പ്രശാന്ത് കിഷോറും വിജയിയോട് ഈ ആവശ്യം ഉന്നയിക്കുന്ന രീതിയിലുള്ളതാണ് പോസ്റ്ററിലുള്ള ചിത്രം.
വിജയ് ആരാധകരുടെ പേരിലാണ് പോസ്റ്ററുകള്‍. വിജയുടെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നതിനിടയിലാണ് ആരാധകര്‍ പോസ്റ്ററുകള്‍ പതിച്ചുള്ള പിന്തുണയുമായി രംഗത്തെത്തിയത്.
വിജയ് നായകനായ ‘ബിഗില്‍’ എന്ന ചിത്രത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് ആദായനികുതി വെട്ടിപ്പ് ആരോപിച്ചായിരുന്നു ആദായനികുതിവകുപ്പ് 24 മണിക്കൂറോളം താരത്തെ ചോദ്യംചെയ്തത്. സംഭവത്തിന് പിന്നാലെ നിരവധി പേരാണ് വിജയിയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയത്.
Discussion about this post