ന്യൂഡൽഹി: രാജ്യതലസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി അരവിന്ദ് കെജരിവാൾ മൂന്നാം തവണ സത്യപ്രതിജ്ഞയ്ക്ക് ഒരുങ്ങി. 16ാം തീയതി ഞായറാഴ്ചയായിരിക്കും സത്യപ്രതിജ്ഞ. രാംലീല മൈതാനിയിലായിരിക്കും ചടങ്ങ് നടക്കുക. അതേസമയം, ഡൽഹിയിൽ ഹാട്രിക് വിജയം നേടിയ ആം ആദ്മി പാർട്ടി മന്ത്രിസഭാ രൂപീകരണ ചർച്ചകൾ തുടങ്ങി. പുതുമുഖങ്ങളെ ഉൾപ്പെടുത്തി മന്ത്രിസഭ രൂപീകരിക്കാനാണ് നീക്കം. ഇതിനു മുന്നോടിയായി കെജരിവാൾ ലഫ്റ്റനന്റ് ഗവർണർ അനിൽ ബെയ്ജാനെ കണ്ട് സർക്കാർ രൂപീകരണത്തിന് അവകാശ വാദവും ഉന്നയിക്കും.
അതിഷി മാർലെന, രാഘവ് ചദ്ദ ഉൾപ്പടെ യുവമുഖങ്ങൾ ഇത്തവണ മന്ത്രിസഭയിലെത്തും. രണ്ടാം മന്ത്രിസഭയിൽ കൂടുതൽ യുവാക്കൾക്ക് ഇടം നൽകാനാണ് തീരുമാനം. മനീഷ് സിസോദിയ, ഗോപാൽ റായ്, സോംനാഥ് ഭാരതി, തുടങ്ങിയ മുതിർന്ന നേതാക്കൾക്ക് പ്രധാന വകുപ്പുകൾ ലഭിക്കും. കഴിഞ്ഞ തവണ 67 സീറ്റിൽ വിജയിച്ച ആം ആദ്മി പാർട്ടി ഇക്കുറി 62 സീറ്റ് നേടിയാണ് അധികാരം നിലനിർത്തിയത്. ബിജെപി കഴിഞ്ഞ തവണത്തെ മൂന്ന് സീറ്റിൽ നിന്ന് എട്ട് സീറ്റിലേക്ക് ഉയർന്നെങ്കിലും കനത്ത തിരിച്ചടി തന്നെയാണ് ബിജെപിക്ക്. കോൺഗ്രസിനാകട്ടെ അക്കൗണ്ട് തുറക്കാൻ പോലും സാധിച്ചില്ല.
Discussion about this post