ന്യൂഡല്‍ഹി: ചൈനയില്‍ നിന്നുള്ള കാര്‍ഷിക, കന്നുകാലി ഇറക്കുമതിയില്‍ കൊറോണ വൈറസ് പരിശോധന വേണമെന്ന് ഡിപിക്യുഎസ് (പ്ലാന്റ് പ്രൊട്ടക്ഷന്‍, ക്വാറന്റീന്‍ ആന്‍ഡ് സ്റ്റോറേജ് ഡയറക്ടറേറ്റ്) ഉത്തരവിട്ടു. കൊറോണ വൈറസ് ബാധയില്‍ അപകടകരമായ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യ ജാഗ്രത പാലിക്കുന്നത്.
”ചൈനയില്‍ നിന്നുള്ള ചരക്ക് ഇറക്കുമതി വിശദമായി പരിശോധിക്കണം, ഇറക്കുമതി ക്ലിയറന്‍സിന് മുമ്പായി സാമ്പിളുകള്‍ ലബോറട്ടറികളില്‍ പരീക്ഷിക്കണം,” ഡയറക്ടറേറ്റ് പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു. ചൈനയില്‍ ഇതിനോടകം മരണം 1000 കവിഞ്ഞു. നിയന്ത്രണാതീതമായി വൈറസ് പടര്‍ന്നു പിടിക്കുകയാണ്. പ്രാദേശിക ലബോറട്ടറികള്‍ക്ക് വൈറസ് പഠിക്കാന്‍ ആവശ്യമായ സൗകര്യങ്ങള്‍ ഇല്ലെങ്കില്‍ സാമ്പിളുകള്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് യൂണിറ്റുകളിലേക്ക് അയച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്താന്‍ തുറമുഖങ്ങളിലെ ഉദ്യോഗസ്ഥരോട് വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.
ഏറ്റവും പുതിയ വിജ്ഞാപനത്തില്‍ കാര്‍ഷികോല്‍പ്പന്നങ്ങളുടെ ഇന്ത്യയിലേക്കുളള കയറ്റുമതിയെ നിരോധിക്കുന്നില്ല, പകരം കാര്‍ഷികോല്‍പ്പന്നങ്ങള്‍ ഇന്ത്യയുടെ വിളയ്ക്കും കന്നുകാലി പരിസ്ഥിതി വ്യവസ്ഥയ്ക്കും കീടമായി മാറിയേക്കാവുന്ന വൈറസിന്റെ അംശം കാണിക്കുന്നുണ്ടോയെന്ന് പരിശോധിക്കുക മാത്രമാണ് ചെയ്യുന്നത്. ”പ്ലാന്റ് ഹോസ്റ്റുകളില്‍ വൈറസ് വര്‍ധിക്കുന്നതിനുള്ള ഒരു അവസരമുണ്ട്, അതുവഴി ചൈനയില്‍ നിന്നുള്ള കാര്‍ഷികോല്‍പ്പന്നങ്ങള്‍ വൈറസ് ബാധിച്ചിട്ടുണ്ടോ എന്ന് ഞങ്ങള്‍ക്ക് ഗവേഷണം നടത്തേണ്ടതുണ്ട്,” ഡയറക്ട്രേറ്റ് ഉന്നത ഉദ്യോഗസ്ഥന്‍ പറയുന്നു.