ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ജനപ്രിയ നേതാവ് അരവിന്ദ് കെജ്രിവാള് വീണ്ടും അധികാരത്തിലേക്കേറാന് ഒരുങ്ങുകയാണ്. ഭാര്യ സുനിത കെജ്രിവാളിന്റെ ജന്മദിനം കൂടിയായ ഇന്ന് ആഘോഷങ്ങള്‍ തകര്‍ക്കുകയാണ്. തന്റെ വിജയം ഭാര്യ സുനിതയ്ക്കുള്ള ജന്മദിന സമ്മാനം കൂടിയാണെന്ന് ക്രെജ്രിവാള്‍ പറഞ്ഞു.
ഇരുവരും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം കേക്ക് മുറിച്ച് സന്തോഷം പങ്കുവെച്ചു. ആഘോഷങ്ങളുടെ ചിത്രങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് പുറത്തുവിട്ടത്. ഇന്ത്യന്‍ റവന്യൂ സര്‍വ്വീസില്‍ നിന്നും രാജിവെച്ചയാളാണ് അരവിന്ദ് കെജ്രിവാളിന്റെ ഭാര്യ സുനിത കെജ്രിവാള്.
ഡല്‍ഹിയില്‍ അരവിന്ദ് കെജ്രിവാള് ഹാട്രിക് വിജയം നേടിയിരിക്കുകയാണ്. വികസനനേട്ടങ്ങളെല്ലാം വോട്ടായി മാറി. ഡല്‍ഹി നിയമസഭാതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ അവസാനഘട്ടത്തിലേക്കെത്തുമ്പോള്‍ എഎപി 60, ബിജെപി 10 എന്ന നിലയിലാണ് ലീഡ് നില. അതിനിടെ പടക്കംപൊട്ടിച്ചുള്ള ആഘോഷങ്ങളെല്ലാം എഎപി ഒഴിവാക്കി. വായുമലിനീകരണം കണക്കിലെടുത്താണ് ഇത്തരം ആഘോഷങ്ങള്‍ ഒഴിവാക്കാന്‍ കെജ്രിവാള് നിര്‍ദേശം നല്‍കിയത്.
Discussion about this post