ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ 15 വർഷം തുടർച്ചയായി ഡൽഹി ഭരിച്ച കോൺഗ്രസ് ഒരു സീറ്റ് പോലും നേടാനാകാതെ തളർന്നതിനിടെ പ്രതികരണവുമായി കോൺഗ്രസ് നേതാവും ഡൽഹു മുൻ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്റെ മകനുമായ സന്ദീപ് ദീക്ഷിത്. കോൺഗ്രസിന്റേത് മോശം പ്രകടനമായിരിക്കുമെന്ന് തനിക്ക് തുടക്കം മുതൽ അറിയാമായിരുന്നു എന്നാണ് സന്ദീപിന്റെ വിലയിരുത്തൽ.
ഡൽഹിയിലെ പ്രകടനത്തിൽ കോൺഗ്രസ് പാർട്ടി ഘടകത്തെ വിമർശിക്കുകയും ചെയ്തു സന്ദീപ്. തന്റെ വിശ്വാസം കോൺഗ്രസിന്റെ പ്രകടനം വളരെ മോശം ആയിരിക്കുമെന്നാണ്. എനിക്ക് അത് സെപ്തംബർ മുതൽ തന്നെ അറിയാമായിരുന്നുവെന്നും സന്ദീപ് പറഞ്ഞു. സംഘടനയിൽ ഡൽഹിയുടെ ചുമതലയുള്ളവരിൽ അശ്രദ്ധയുണ്ടായി. ഡൽഹി കോൺഗ്രസിൽനിന്നും എഐസിസിയിൽ നിന്നുമുള്ള രണ്ട് മൂന്ന് പേർക്കാണ് ഇതിന്റെ ഉത്തരവാദിത്വം.
ഡൽഹി തെരഞ്ഞെടുപ്പിൽ 2015 ന് സമാനമായി ഒരു സീറ്റിൽ പോലും മുമ്പിലെത്താൻ കോൺഗ്രസിനായില്ല. അന്തിമ ചിത്രം പുറത്തുവരാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ ഇനിയൊരു സീറ്റിലെങ്കിലുമുള്ള വിജയം പോലും കോൺഗ്രസിന് പ്രതീക്ഷിക്കാനുമാകില്ല. അതേസമയം 58 സീറ്റുകളിലാണ് ആംആദ്മി പാർട്ടി ലീഡ് നിലനിർത്തിയിരിക്കുന്നത്. 12 സീറ്റിൽ വിജയമുറപ്പിച്ച് ബിജെപിയും.