വികസനം മാത്രമെ ജനങ്ങൾ ഏറ്റെടുക്കൂ; സിഎഎ തിരിച്ചടിക്കും; ബിജെപിയെ തോൽപ്പിച്ച കെജരിവാളിന് മമതയുടെ അഭിനന്ദനം

ന്യൂഡൽഹി: ഡൽഹി തെരഞ്ഞെടുപ്പിൽ വൻവിജയം നേടി വീണ്ടും ഭരണത്തിലേറിയ ആം ആദ്മി പാർട്ടിയേയും അരവിന്ദ് കെജരിവാളിനേയും അഭിനന്ദിച്ച് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. അരവിന്ദ് കെജരിവാളിനെ അഭിനന്ദിക്കുന്നു. ജനങ്ങൾ ബിജെപിയെ തള്ളിയിരിക്കുന്നു. വികസന പ്രവർത്തനങ്ങൾ മാത്രമേ ജനങ്ങൾ ഏറ്റെടുക്കൂ. അത് മാത്രമേ വിജയിക്കൂ. സിഎഎയും എൻആർസിയും ജനം ഏറ്റെടുക്കില്ലെന്നും മമത ബാനർജിപറഞ്ഞു.

ഇന്ത്യയുടെ ആത്മാവ് സംരക്ഷിക്കാൻ എഴുന്നേറ്റ് നിന്ന ഡൽഹി ജനങ്ങൾക്ക് നന്ദി അറിയിക്കുന്നുവെന്നാണ് രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ പ്രതികരിച്ചത്. നേരത്തെ ജെഡിയു വൈസ് പ്രസിഡന്റായിരുന്ന അദ്ദേഹത്തെ സിഎഎ പ്രതികരണത്തെ തുടർന്ന് നിതീഷ് കുമാർ പുറത്താക്കിയിരുന്നു. വർഗീയ രാഷ്ട്രീയത്തെ ജനം തള്ളുകയും വികസനത്തെ ഏറ്റെടുക്കുകയും ചെയ്തുവെന്നാണ് ഡിഎംകെ അധ്യക്ഷൻ എംകെ സ്റ്റാലിൻ പ്രതികരിച്ചത്.

ദേശീയതയിലൂന്നിയ വിഷയങ്ങൾ അടിസ്ഥാനമാക്കിയാണ് ബിജെപി പ്രചാരണം നടത്തിയതെന്നും അതിന് ജനം പിന്തുണ നൽകാത്തതിൽ അസന്തുഷ്ടിയുണ്ടെന്നും ബിജെപി വക്താവ് ഹരീഷ് ഖുരാന പ്രതികരിച്ചു. രാഷ്ട്രീയ തന്ത്രങ്ങൾ പുനഃപരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version