ന്യൂഡല്‍ഹി: വായുമലിനീകരണം കണക്കിലെടുത്ത് തെരഞ്ഞെടുപ്പ് വിജയാഘോഷങ്ങള്‍ക്കിടെ പടക്കങ്ങള്‍ പൊട്ടിക്കരുതെന്ന് അരവിന്ദ് കെജ്രിവാള് ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ആ നിര്‍ദേശം പ്രവര്‍ത്തര്‍ അക്ഷരംപ്രതി അനുസരിച്ചു. പരസ്പരം ആലിംഗനം ചെയ്തും മധുരം വിതരണം ചെയ്തുമായിരുന്നു പാര്‍ട്ടി പ്രവര്‍ത്തകരുടെ വിജയാഘോഷം.
പടക്കങ്ങള്‍ പൊട്ടിക്കുന്നത് വായുമലിനീകരണത്തിന് കാരണമാകുമെന്നും പകരം മധുര പലഹാര വിതരണവും വാദ്യഘോഷങ്ങളും ഉള്‍പ്പെടുത്തി വിജയാഘോഷം നടത്തണമെന്നായിരുന്നു കെജ്രിവാളിന്റെ നിര്‍ദേശം. കെജ്രിവാളിന്റെ നിര്‍ദേശം കര്‍ശനമായി പാലിക്കുന്നതില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ കനത്ത ജാഗ്രതയാണ് പുലര്‍ത്തിയത്.
വായുമലിനീകരണം രൂക്ഷമായിരിക്കുന്ന ഡല്‍ഹിയിലെ മലിനീകരണം കുറക്കുമെന്നത് ആം ആദ്മി പാര്‍ട്ടിയുടെ പ്രകടന പത്രികയിലും ഗാരന്റി കാര്‍ഡിലുമുള്ള പ്രധാന വാഗ്ദാനങ്ങളിലൊയിരുന്നു. നല്കിയ വാഗ്ദാനം പാലിക്കാന്‍ കെജ്രിവാള് തുടക്കം കുറിച്ചിരിക്കുകയാണ്.
ആം ആദ്മി പാര്‍ട്ടി മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ഡല്‍ഹിയില്‍ അധികാരത്തിലേക്ക് ചുവടുവെച്ചു. 57 സീറ്റുകളില്‍ ആം ആദ്മി പാര്‍ട്ടി ലീഡ് ചെയ്യുകയാണ്. ബിജെപി 13 സീറ്റുകളില്‍ ലീഡ് ചെയ്യുമ്പോള്‍ കോണ്‍ഗ്രസ് ചിത്രത്തില്‍ പോലുമില്ലാത്ത അവസ്ഥയിലാണ്.
Discussion about this post