ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ് വിജയത്തില്‍ ആം ആദ്മി പാര്‍ട്ടിയെയും അരവിന്ദ് കെജരിവാളിനെയും അഭിനന്ദിച്ച് മുന്‍ ജെഡിയു നേതാവും തെരഞ്ഞെടുപ്പ് വിദഗ്ധനുമായ പ്രശാന്ത് കിഷോര്‍. ഇന്ത്യയുടെ ആത്മാവ് സംരക്ഷിച്ച ഡല്‍ഹി നിവാസികള്‍ക്ക് നന്ദി എന്നായിരുന്നു പ്രശാന്ത് കിഷോര്‍ ട്വീറ്റില്‍ പറഞ്ഞത്.
പ്രശാന്ത് കിഷോറാണ് ഡല്‍ഹിയില്‍ ആം ആദ്മിയുടെ പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചത്. ഇത് മൂന്നാം തവണയാണ് ആം ആദ്മി പാര്‍ട്ടി ഡല്‍ഹിയില്‍ അധികാരത്തിലേക്ക് എത്തുന്നത്. 2014ല്‍ തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ബിജെപിക്ക് വേണ്ടിയും പ്രശാന്ത് കിഷോര്‍ പ്രചാരണം നയിച്ചിരുന്നു. അതെസമയം ബിഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെ കിഷോറിന്റെ ഡല്‍ഹി സാന്നിധ്യം ഏറെ ചര്‍ച്ചയാകുന്നുണ്ട്.
നിതീഷ് കുമാര്‍ നയിക്കുന്ന ജെഡിയു ഉപാധ്യക്ഷനായിരുന്നു നേരത്തെ പ്രശാന്ത് കിഷോര്‍. പൗരത്വ നിയമ ഭേദഗതിയിലുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് നിതീഷ് കുമാര്‍ പ്രശാന്ത് കിഷോറിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു. പൗരത്വ നിയമത്തെ അനുകൂലിച്ച നിതീഷ് കുമാറിനെതിരെ പരസ്യമായ പ്രശാന്ത് കിഷോര്‍ രംഗത്ത് വന്നതിന് പിന്നാലെയാണ് പ്രശാന്ത് കിഷോറിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്.