ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ 21 മണ്ഡലങ്ങളില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുകയാണ്. നിലവില്‍ വ്യക്തമായ ലീഡോടെ 58 സീറ്റുകളില്‍ ആം ആദ്മി പാര്‍ട്ടി മുന്നേറുകയാണ്. ബിജെപി 12 സീറ്റില്‍ മുന്നിലാണ്. നേരത്തേ 22 സീറ്റുകളില്‍ വരെ ബിജെപി മുന്നോട്ട് വന്നിരുന്നു.
എന്നാല്‍ സീറ്റ് നിലയില്‍ മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചെങ്കിലും ബിജെപിക്ക് ഡല്‍ഹി തിരിച്ചുപിടിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ഫലസൂചനകള്‍ വ്യക്തമാക്കുന്നു. അതേസമയം, തെരഞ്ഞടുപ്പ് ഫലം പുറത്തുവരുന്നതിനിടെ ഡല്‍ഹിയിലെ ബിജെപി ഓഫീസില്‍ സ്ഥാപിച്ച പോസ്റ്ററും ശ്രദ്ധ നേടുകയാണ്.
വിജയം ഞങ്ങളെ അഹങ്കാരികളാക്കില്ല, പരാജയം ഞങ്ങളെ നിരാശപ്പെടുത്തില്ല എന്ന് ഹിന്ദിയില്‍ എഴുതിയിരിക്കുന്നതാണ് പോസ്റ്റര്‍. അമിത് ഷായുടെ ചിത്രവും പോസ്റ്ററിലുണ്ട്. ജയിച്ചാലും തോറ്റാലും ബിജെപി പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന ആശയമാണ് പോസ്റ്ററിലൂടെ പങ്കുവെയ്ക്കുന്നതെന്ന് ബിജെപി നേതാക്കള്‍ പ്രതികരിച്ചു.
ഡല്‍ഹി തെരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോള്‍ ഫലങ്ങളെ പിന്തള്ളി ഡല്‍ഹി ബിജെപി അധ്യക്ഷന്‍ മനോജ് തിവാരി രംഗത്തെത്തിയിരുന്നു. എക്സിറ്റ് പോള്‍ ഫലങ്ങള്‍ തെറ്റുമെന്നും തിരഞ്ഞെടുപ്പില്‍ ബിജെപി 55 സീറ്റുകള്‍ വരെ നേടുമെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.
Discussion about this post