ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച ജാമിഅ വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ ലൈംഗികാതിക്രമം വരെ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായതായി പരാതി. കഴിഞ്ഞ ദിവസം സമരക്കാര്‍ക്ക് നേരെ പോലീസ് ക്രൂരമായ ആക്രമണമാണ് അഴിച്ചു വിട്ടത്. നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
പത്തിലധികം വിദ്യാര്‍ത്ഥിനികളുടെ സ്വകാര്യ ഭാഗങ്ങളില്‍ ഗുരുതരമായ പരിക്കേറ്റിട്ടുണ്ടെന്ന് ഇവരെ ചികിത്സിച്ച ഡോക്ടര്‍ പറഞ്ഞു. മൂര്‍ച്ചയേറിയ ആയുധം കൊണ്ടുള്ള മുറിവുകള്‍ പോലെ ആയിരുന്നു അതില്‍ പലതുമെന്നും ഗുരുതര പരിക്കുള്ളവരെ അല്‍ ഷിഫയിലേക്ക് മാറ്റേണ്ടിവന്നതായും ഡോക്ടര്‍ പറഞ്ഞു.
ഒരു വനിത പോലീസ് ഓഫീസര്‍ താന്‍ ധരിച്ചിരുന്ന ബുര്‍ഖ വലിച്ച് കീറുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തതായി പരിക്കേറ്റ ഒരു വിദ്യാര്‍ത്ഥിനി പറഞ്ഞു. ”എന്റെ സ്വകാര്യ ഭാഗങ്ങളില്‍ പോലീസുകാര്‍ ബൂട്ട് ഉപയോഗിച്ച് ചവിട്ടി. ഒരു വനിതാ പോലീസുകാരി എന്റെ ബുര്‍ഖ വലിച്ചുകീറി, എന്റെ സ്വകാര്യ ഭാഗങ്ങളില്‍ ഒരു ലാത്തി ഉപയോഗിച്ച് അടിച്ചു.” വിദ്യാര്‍ത്ഥിനി കൂട്ടിച്ചേര്‍ത്തു.
പൗരത്വ വിഷയത്തില്‍ മൂന്നാം വട്ടവും ജാമിഅ കോര്‍ഡിനേഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധത്തിന് നേരെയാണ് പോലീസിന്റെ ക്രൂരമായ അതിക്രമം നടന്നത്.ശാഹീന്‍ ബാഗിന് പുറമെ, പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശക്തമായ സമര പരിപാടികള്‍ സംഘടിപ്പിച്ച ഇടമാണ് ജാമിഅ സര്‍വകലാശാല.