ന്യൂഡല്‍ഹി: ഇന്ത്യ വിഭജിക്കപ്പെട്ടത് നന്നായി എന്നാണ് തന്റെ കാഴ്ചപ്പാട് എന്ന് പ്രമുഖ കോണ്‍ഗ്രസ്സ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ നട്വര്‍ സിങ്. ഇന്ത്യ വിഭജിക്കപ്പെട്ടില്ലായിരുന്നുവെങ്കില്‍ കൂടുതല്‍ സംഘര്‍ഷഭരിതമായ ദിനങ്ങള്‍ ഉടലെടുക്കുമായിരുന്നുവെന്നും ജിന്നയുടെ മുസ്ലിം ലീഗ് രാജ്യത്തെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലായിരുന്നുവെന്നും നട്വര്‍ സിങ് പറഞ്ഞു.
മുന്‍കേന്ദ്രമന്ത്രിയും ബിജെപി നേതാവും മാധ്യമപ്രവര്‍ത്തകനുമായിരുന്ന എംജെ അക്ബറിന്റെ പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ”ഇന്ത്യ വിഭജിക്കപ്പെട്ടില്ലായിരുന്നുവെങ്കില്‍ കൂടുതല്‍ സംഘര്‍ഷഭരിതമായ ദിനങ്ങള്‍ ഉടലെടുക്കുമായിരുന്നു. അത്തരത്തില്‍ ആദ്യമുണ്ടായ സംഭവം 1946 ഓഗസ്റ്റ് 16ന് കൊല്‍ക്കത്തയിലാണ്” എന്നും നട്വര്‍ സിങ് വിശദീകരിച്ചു.
”ആയിരക്കണക്കിന് ഹിന്ദുക്കളാണ് അന്ന് കൊല്ലപ്പെട്ടത്. അതിനോടുള്ള പ്രതികാരമായി ആയിരക്കണക്കിന് മുസ്ലിങ്ങള്‍ ബിഹാറിലും കൊല്ലപ്പെട്ടു. മുസ്ലിം ലീഗ് രാജ്യത്തെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല എന്നുള്ളതു കൊണ്ട് തന്നെ പിന്നെ കാര്യങ്ങളെല്ലാം അസാധ്യമാവുമായിരുന്നു’, നട്വര്‍ സിങ് പറഞ്ഞു.
”രാജ്യത്തെ വിഭജിക്കാനുള്ള പ്രവര്ത്തനങ്ങളില്‍ വ്യാപൃതരാവാന്‍ മുസ്ലിങ്ങളോട് മുഹമ്മദലി ജിന്നയുടെ നേതൃത്വത്തിലുള്ള മുസ്ലിം ലീഗ് ആഹ്വാനം ചെയ്തിരുന്നു. ഇതിന്റെ ഫലമായാണ് കൊല്‍ക്കത്തയിലും ബിഹാറിലും വര്‍ഗ്ഗീയ കലാപങ്ങള്‍ പിന്നീട് പൊട്ടിപ്പുറപ്പെട്ടത്. മാത്രമല്ല ഇടക്കാല സര്‍ക്കാരിന്റെ ഭാഗമാവാന്‍ തയ്യാറായിരുന്നില്ലെന്ന് അറിയിച്ച ജിന്ന പിന്നീട് ഭാഗമായപ്പോള്‍ സര്‍ക്കാര്‍ മുന്നോട്ടുവെച്ച എല്ലാ പ്രമേയങ്ങളെയും തള്ളിയതും” നട്വര്‍ സിങ് വ്യക്തമാക്കി.
ഇക്കാര്യങ്ങള്‍ കൊണ്ടെല്ലാം ഇന്ത്യ വിഭജിച്ചത് നന്നായി. ഇന്ത്യയെ വിഭജിച്ചില്ലായിരുന്നുവെങ്കില്‍ മുസ്ലിം ലീഗ് കാര്യങ്ങള്‍ എത്രത്തോളം കുഴപ്പത്തിലാക്കിയേനേ ഊഹിക്കാമായിരുന്നുവെന്നും അത്തരമൊരു സാഹചര്യത്തില്‍ ജീവിക്കുക വളരെ ദുഷ്‌കരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post