ഗുരുഗ്രാം: അവിഹിതബന്ധമുണ്ടെന്ന സംശയത്തില്‍ ബിജെപി വനിതാ നേതാവിനെ ഭര്‍ത്താവ് വെടിവെച്ചു കൊന്നു. ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം. ബിജെപി കിസാന്‍ മോര്‍ച്ചയുടെ സംസ്ഥാന സെക്രട്ടറിയായിരുന്ന മുനേഷാണ് കൊല്ലപ്പെട്ടത്. മുനേഷിന്റെ ഭര്‍ത്താവും മുന്‍ കരസേന ഉദ്യോഗസ്ഥനുമായ സുനിലാണ് പ്രതി.
ഗുരുഗ്രാമിലെ സെക്ടര്‍ 93 ലെ എട്ടാം നിലയിലെ വീടിന്റെ അടുക്കളയില്‍ സഹോദരിയുമായി സംസാരിച്ചിരിക്കുന്നതിനിടെയാണ് മുനേഷിന് നേരെ സുനില്‍ വെടിയുതിര്‍ത്തത്. ഫോണില്‍ സംസാരിക്കുന്നതിനിടെ തനിക്ക് കുറച്ച് കാര്യങ്ങള്‍ പറയാനുണ്ടെന്ന് സുനില്‍ പറഞ്ഞു. എന്നാല്‍ ഇത് ശ്രദ്ധിക്കാതെ മുനേഷ് ഫോണ്‍ സംഭാഷണം തുടര്‍ന്നതോടെ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി.
തുടര്‍ന്ന് ഭര്‍ത്താവ് സുനില്‍ തന്റെ സര്‍വീസ് റിവോള്‍വര്‍ എടുത്ത് മുനേഷിന് നേരെ വെടിയുതിര്‍ത്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കൈയ്യില്‍ തോക്കുമായി വീട്ടില്‍ നിന്നിറങ്ങി വന്ന സുനില്‍ കെട്ടിടത്തിന്റെ കാവല്ക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
സംഭവ സമയത്ത് ദമ്പതികളുടെ മക്കള്‍ വീട്ടിലുണ്ടായിരുന്നു. അവിഹതബന്ധം ആരോപിച്ച് ഇരുവരും തമ്മില്‍ പലപ്പോഴും വഴക്കുണ്ടായിട്ടുണ്ടെന്ന് സുനിലിന്റെ പിതാവ് ദലിപ് സിങ് പറഞ്ഞു. പെരുമാറ്റദോഷത്തെ തുടര്‍ന്ന് കരസേനയില്‍ നിന്ന് സ്വമേധയാ വിരമിക്കലിന് വിധേയനായ ആളാണ് സുനില്‍. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.
Discussion about this post