തിരുനെല്‍വേലി: അന്യജാതിക്കാരനായ ചേച്ചിയുടെ കാമുകനെ പത്താം ക്ലാസുകാരനും സുഹൃത്തുക്കളും ചേര്‍ന്ന് വെട്ടിക്കൊന്നു. തിരുനെല്‍വേലി ജില്ലാ സഹകരണബാങ്ക് ജീവനക്കാരനായ ഇസക്കി ശങ്കറാണ്(32) കൊല്ലപ്പെട്ടത്. കാമുകനെ അനുജന്‍ വെട്ടിക്കൊന്ന വിവരമറിഞ്ഞ യുവതി ജീവനൊടുക്കി.
തേവര്‍ സമുദായ അംഗമായ സത്യഭാമയും(20) കോണര്‍ സമുദായക്കാരനായ ശങ്കറും തമ്മില്‍ പ്രണയത്തിലായിരുന്നു. സത്യഭാമയുടെ വീട്ടുകാര്‍ ആദ്യം എതിര്‍ത്തെങ്കിലും ഇവരുടെ വിവാഹം നടത്തിക്കൊടുക്കാന്‍ സമ്മതിക്കുകയായിരുന്നു. യുവതിയുടെ പത്താം ക്ലാസുകാരനായ സഹോദരന് ഈ വിവാഹത്തിന് താല്‍പ്പര്യമില്ലായിരുന്നു.
സഹോദരി അന്യജാതിക്കാരനെ വിവാഹം കഴിക്കുന്നതിനെച്ചൊല്ലി സുഹൃത്തുക്കള്‍ കളിയാക്കിയതോടെയാണ് ശങ്കറിനെ വകവരുത്താന്‍ തീരുമാനിച്ചത്. ചൊവ്വാഴ്ച തമിരഭരണി നദിയില്‍ കുളിക്കാനെത്തിയപ്പോഴാണ് ശങ്കറിനെ സത്യഭാമയുടെ അനുജനും സഹപാഠികളും ചേര്‍ന്ന് ആക്രമിച്ച് കൊലപ്പെടുത്തിയത്.
കൃത്യത്തിന് ശേഷം ഇവരുടെ കൂടെയുളള അഞ്ച് പേര്‍ ക്ലാസിലെത്തി. മറ്റ് രണ്ടുപേര്‍ ജോലിക്ക് പോകുകയും ചെയ്തു. പോലീസിന് ആദ്യം ഇവരെ സംശയമില്ലായിരുന്നു. ശങ്കറിന്റെ കുടുംബത്തിലെ സ്വത്ത് സംബന്ധിച്ചായിരുന്നു അന്വേഷണം നടന്നത്. കൊലപാതകവിവരം അറിഞ്ഞ സത്യഭാമ ആത്മഹത്യ ചെയ്തതോടെയാണ് പോലീസിന്റെ സംശയം സഹോദരിനിലേക്ക് നീണ്ടത്.