ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ 62.59 ശതമാനം പോളിംഗ് രേഖപ്പെടുത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്. വോട്ടെടുപ്പ് പൂര്‍ത്തിയായി 22 മണിക്കൂറുകള്‍ക്ക് ശേഷമാണ് കണക്കുകള്‍ പുറത്ത് വന്നത്. പോളിംഗ് ശതമാനം പുറത്ത് വിടാത്തതിനെ ചോദ്യം ചെയ്തും വിമര്‍ശിച്ച് എഎപി പാര്‍ട്ടി രംഗത്ത് വന്നിരുന്നു. ഇതിനു പിന്നാലെയാണ് കണക്കുകള്‍ പുറത്ത് വന്നത്.
പോളിങ് ശതമാനം ഔദ്യോഗികമായി പ്രഖ്യാപിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് തയ്യാറാകാത്തതില്‍ ദുരൂഹതയുണ്ടെന്നാണ് ആം ആദ്മി പാര്‍ട്ടി ആരോപിച്ചത്. ഈ ആരോപണം തെരഞ്ഞെടുപ്പ് കമ്മീഷന് തള്ളി. ‘ഇത് ഒരു പ്രക്രിയയാണ്, അത് അന്തിമമായപ്പോള്‍ നിങ്ങളുമായി പങ്കുവെച്ചു.’ – മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായ രണ്‍ബീര്‍ സിംഗ് പറഞ്ഞു. റിട്ടേണിംഗ് ഓഫീസര്‍മാര്‍ തിരക്കിലായിരുന്നെന്നും ഡാറ്റ മുഴുവന്‍ ശേഖരിച്ചത് രാത്രിയിലാണെന്നും അദ്ദേഹം അറിയിച്ചു. അന്തിമ കണക്ക് പുറത്ത് വന്നത് ‘നല്ല സമയ’ത്താണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അന്തിമ കണക്കുകള്‍ പ്രഖ്യാപിക്കുന്നതിലെ കാലതാമസത്തെ മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും ചോദ്യം ചെയ്തിരുന്നു. ‘തികച്ചും ഞെട്ടിപ്പിക്കുന്നതാണ്. തെരഞ്ഞെടുപ്പ് കമ്മിഷന് എന്താണ് ചെയ്യുന്നത്? പോളിംഗ് കഴിഞ്ഞ് മണിക്കൂറുകള്‍ക്ക് ശേഷം അവര്‍ എന്തുകൊണ്ടാണ് വോട്ടെടുപ്പ് കണക്കുകള്‍ പുറത്തുവിടാത്തത്?’ എന്നാണ് കെജരിവാള്‍ ട്വീറ്റ് ചെയ്തത്.
Discussion about this post