ന്യൂഡൽഹി: രാജ്യത്തെ സർക്കാർ ജീവനക്കാർക്ക് സ്ഥാനക്കയറ്റത്തിന് സംവരണം മൗലികാവകാശമെന്ന് വാദിക്കാനാകില്ലെന്ന് സുപ്രീംകോടതി. സർക്കാർ സർവീസിൽ പ്രത്യേക വിഭാഗക്കാർക്ക് പ്രാതിനിധ്യമില്ലെന്ന കൃത്യമായ കണക്കുകൾ കാണാതെ കോടതിക്ക് നിബന്ധന വെയ്ക്കാനാവില്ലെന്നും സംവരണം നൽകണമെന്ന് സർക്കാരിനോട് നിർദേശിച്ച് തീർപ്പുകൽപ്പിക്കാനാവില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഉത്തരാഖണ്ഡ് പൊതുമരാമത്ത് വകുപ്പിലെ അസിസ്റ്റന്റ് എൻജിനീയർ തസ്തികയിലെ സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട് സമർപ്പിച്ച അപ്പീലിലായിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണം.
സംവരണം അനുവദിക്കാൻ സംസ്ഥാന സർക്കാർ ബാധ്യസ്ഥരല്ല. സംവരണം ഉപയോഗിച്ച് ജോലിയിൽ സ്ഥാനക്കയറ്റം വേണമെന്ന് ആവശ്യപ്പെടാൻ ആർക്കും അവകാശമില്ല. സംവരണം അനുവദിക്കണമെന്ന് സർക്കാരിന് നിർദേശം നൽകി തീർപ്പുകൽപ്പിക്കാൻ കോടതിക്കാവില്ലെന്നും ജസ്റ്റിസുമാരായ എൽ നാഗേശ്വര റാവു, ഹേമന്ത് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. അതേസമയം, പ്രത്യേക വിഭാഗക്കാർക്ക് സ്ഥാനക്കയറ്റത്തിൽ സംവരണം അനുവദിക്കണമെന്ന് 2012ൽ ഉത്തരാഖണ്ഡ് ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് നേർവിപരീതമാണ് സുപ്രീംകോടതി പുറപ്പെടുവിച്ചിരിക്കുന്ന വിധി.
ഭരണഘടനയുടെ അനുച്ഛേദം 16(4), 16 (4A) പ്രകാരം പട്ടികജാതി, പട്ടികവർഗ വിഭാഗക്കാരെ സഹായിക്കേണ്ടത് സർക്കാരിന്റെ കടമയാണെന്നായിരുന്നു 2012ലെ അഭിഭാഷകരുടെ വാദം. മുതിർന്ന അഭിഭാഷകരായ കപിൽ സിബൽ, കോളിൻ ഗോൺസാൽവേസ്, ദുഷ്യന്ത് ദവെ തുടങ്ങിയവരായിരുന്നു ഈ വാദമുന്നയിച്ചത്. എന്നാൽ പട്ടികജാതി, പട്ടികവർഗ വിഭാഗക്കാർക്ക് സർക്കാർ സർവീസിൽ മതിയായ പ്രാതിനിധ്യമില്ലെങ്കിൽ സർക്കാരിന് ഈ അനുച്ഛേദങ്ങൾ പ്രകാരം ഇടപെടാമെന്നാണ് സുപ്രീംകോടതി നിരീക്ഷണം.
Discussion about this post