കോയമ്പത്തൂര്‍: തമിഴ്നാട്ടില്‍ വിവാഹ വീഡിയോ ഷൂട്ടിംഗിനെത്തിയ മലയാളി ക്യാമറമാനെയും സംഘത്തെയും തീവ്രവാദികളാക്കി സോഷ്യല്‍മീഡിയയില്‍ പ്രചാരണം. മലയാള സിനിമകളില്‍ അടക്കം ക്യാമറമാനായി സേവനം അനുഷ്ഠിച്ചിട്ടുള്ള ഷിഹാബ് ഓങ്ങല്ലൂരിനും സംഘത്തിനുമാണ് ദുരനുഭവമുണ്ടായത്.
പാലക്കാട് പട്ടാമ്പി സ്വദേശിയായ ഷിഹാബ്, സ്റ്റുഡിയോ ഉടമ ഷംനാദ്, ഫഹാസ്, മിഥിലാജ് എന്നിവരാണ് തമിഴ്നാട്ടിലെ ഇറോഡില്‍ ഒരു വിവാഹവുമായി ബന്ധപ്പെട്ട ചിത്രീകരണത്തിന് എത്തിയത്. പ്രശസ്തമായ മരുതമലൈ ക്ഷേത്രത്തില്‍ വിവാഹത്തിന്റെ ഔട്ട്ഡോര്‍ ഷൂട്ടിംഗ് കഴിഞ്ഞ ദിവസമാണ് ഇവര്‍ നടത്തിയത്. തുടര്‍ന്ന് തിരിച്ചുവരുമ്പോള്‍ ഒരാള്‍ ഇവരുടെ ചിത്രങ്ങള്‍ പകര്‍ത്തുകയായിരുന്നു.
ശേഷം അടുത്ത ദിവസം തമിഴ്നാട് സ്പെഷ്യല്‍ ബ്രാഞ്ചില്‍ നിന്നും ഒരു ഫോണ്‍ കോള്‍ വന്നു. ഇതോടെയാണ് സംഭവം സംഘം അറിയുന്നത്. തമിഴ്നാട് സ്വദേശി എസ് ശ്രീനിവാസ രാഘവന് എന്നയാളാണ് ഇവരുടെ ഫോട്ടോ ‘മോഡി രാജ്യം’ എന്ന ഫേസ്ബുക്ക് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തത്. ഇതിന് നൂറുകണക്കിന് ഷെയറും കമന്റുകളും ലഭിച്ചു. മരുതമലൈ ക്ഷേത്രത്തില്‍ ഉത്സവമാണെന്നും, ഇന്ന് ഒരു പ്രത്യേക വാഹനം ഇവിടെ കറങ്ങുന്നുവെന്നും ഇവര്‍ മുസ്ലീംങ്ങളാണെന്നും പോസ്റ്റില്‍ ആരോപിക്കുന്നുണ്ട്.
എന്തിനാണ് ഇവര്‍ ഇവിടെ വരുന്നത്. അതിനാല്‍ വിശ്വാസികള്‍ക്ക് ദുരന്തം ഉണ്ടായേക്കും എന്നുമാണ് ഇയാള്‍ പോസ്റ്റ് ചെയ്തത്. ഇവര്‍ തീവ്രവാദികളായിരിക്കാം, എന്‍ഐഎ അറിയിക്കൂ. വലിയ പ്രശ്നമാണ് എന്ന രീതിയില്‍ കമന്റുകളും നിറഞ്ഞു. സംഭവം പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ക്യാമറമാനെയും സംഘത്തെയും വിളിച്ചത്. പോസ്റ്റിനൊപ്പം തങ്ങളുടെ വാഹനത്തിന്റെ വിവരങ്ങളും ഇവര്‍ ചേര്‍ത്തതായി ഷിഹാബ് പറയുന്നു.
അതേസമയം, ഈ പ്രചാരണത്തിനെതിരെ മറ്റൊരു കേസ് നല്‍കും എന്ന് ഷിഹാബ് വ്യക്തമാക്കി. പിന്നീട് വിവാഹത്തിന് തങ്ങളെ വിളിച്ചവര്‍ പോസ്റ്റിട്ട വ്യക്തിയുമായി ബന്ധപ്പെട്ട് പോസ്റ്റ് പിന്‍വലിച്ചിട്ടുണ്ടെന്നും ഷിഹാബ് പറയുന്നു.
Discussion about this post