കടലിലിറങ്ങി മോതിരം മാറുന്നതിനിടെ തിരയില്‍പ്പെട്ടു; വിവാഹവാര്‍ഷിക ആഘോഷത്തിനിടെ യുവതിക്ക് ദാരുണാന്ത്യം

ചെന്നൈ: രണ്ടാം വിവാഹവാര്‍ഷിക ദിനത്തില്‍ കടലിലിറങ്ങി മോതിരം മാറുന്നതിനിടെ തിരയില്‍പ്പെട്ട് യുവതി മരിച്ചു. വെല്ലൂര്‍ സ്വദേശി വിഗ്‌നേഷിന്റെ ഭാര്യ വേണി ഷൈലയാണ് (27) മരിച്ചത്. ചെന്നൈ പാലവാക്കം ബീച്ചില്‍ കഴിഞ്ഞദിവസം അര്‍ധരാത്രിയായിരുന്നു സംഭവം. സംഭവത്തില്‍ നീലാങ്കര പോലീസ് കേസ് രജിസ്റ്റര്‍ചെയ്തു.

വിഗ്‌നേഷിന്റെയും വേണിയുടെയും വിവാഹവാര്‍ഷികം കഴിഞ്ഞ ദിവസമായിരുന്നു. ഇതിന്റെ ആഘോഷത്തിനായാണ് വെല്ലൂരില്‍നിന്ന് ഇവര്‍ ചെന്നൈയിലെത്തിയത്. നീലാങ്കരയിലെ സുഹൃത്തിന്റെ വീട്ടില്‍ താമസിച്ച ദമ്പതിമാര്‍ സുഹൃത്തുക്കള്‍ക്ക് രാത്രിയില്‍ അത്താഴവിരുന്ന് നല്‍കി. ഇതിനുശേഷം അഞ്ചുകാറുകളിലായി സംഘം പാലവാക്കം ബീച്ചിലെത്തി.

രാത്രി കേക്ക് മുറിച്ചശേഷം ഫോട്ടോയെടുക്കുന്നതിനായി വിഗ്‌നേഷും വേണിയും കടലിലിറങ്ങി. വെള്ളത്തില്‍നിന്ന് മോതിരം മാറുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ബന്ധുക്കളും സുഹൃത്തുക്കളും ക്യാമറയുമായി തീരത്ത് നിന്നു. ഇതിനിടയിലാണ് അപ്രതീക്ഷിതമായിവന്ന വലിയ തിരയില്‍പ്പെട്ട് വേണി വെള്ളത്തിലേക്ക് വീണത്. കരയിലേക്ക് ഓടിക്കയറിയതിനാല്‍ വിഗ്നേഷ് രക്ഷപ്പെട്ടു.

തിരയടിക്കുന്നതിനാല്‍ കടലില്‍ ഇറങ്ങരുതെന്ന് സംഘത്തിന് പോലീസ് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇതൊന്നും വകവെയ്ക്കാതെയാണ് ഇരുവരും കടലിലിറങ്ങിയത്. പുലര്‍ച്ചയോടെയാണ് യുവതിയുടെ മൃതദേഹം സമീപത്തുള്ള കൊട്ടിവാക്കം ബീച്ചില്‍ തീരത്തടിഞ്ഞത്. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം വെല്ലൂരിലേക്ക് കൊണ്ടുപോയി.

Exit mobile version