കേരളത്തില്‍നിന്നെത്തുന്നവരുടെ പശ്ചാത്തലവും എന്തിനാണ് വരുന്നതെന്ന കാര്യവും പരിശോധിക്കണം; ശോഭ കരന്തലജെയുടെ പ്രസ്താവന വീണ്ടും വിവാദത്തില്‍

ബംഗളൂരു: കേരളത്തില്‍നിന്നെത്തുന്നവരുടെ പശ്ചാത്തലവും അവര്‍ എന്തിനാണ് വരുന്നതെന്ന കാര്യവും പരിശോധിക്കണമെന്ന വിവാദ പ്രസ്താവനയുമായി ബിജെപി നേതാവും എംപിയുമായ ശോഭ കരന്തലജെ. കേരളത്തില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് അതിര്‍ത്തി ജില്ലകളില്‍ നടക്കുന്ന പരിശോധന സംബന്ധിച്ചായിരുന്നു ശോഭ കരന്തലജെയുടെ പ്രസ്താവന.

ചിക്കമഗളൂരുവില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. കേരളത്തില്‍നിന്ന് കര്‍ണാടകത്തിലേക്ക് വരുന്ന വാഹനങ്ങള്‍ പോലീസ് നിരീക്ഷിക്കണമെന്നും അവരുടെ ആവശ്യം എന്താണെന്ന് മനസ്സിലാക്കണമെന്നും ശോഭ കരന്തലജെ വ്യക്തമാക്കി.

പൗരത്വനിയമഭേദഗതിക്കുനേരെ മംഗളൂരുവിലെ പ്രതിഷേധത്തില്‍നടന്ന ആക്രമണസംഭവത്തില്‍ കേരളത്തില്‍നിന്നുള്ളവര്‍ക്ക് പങ്കുണ്ടെന്ന് ശോഭ കരന്തലജെ ആരോപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് വീണ്ടും പ്രസ്താവനയുമായി അവര്‍ രംഗത്തെത്തിയത്.

Exit mobile version