ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി ഭരണ തുടർച്ച നേടുമെന്ന് എല്ലാ എക്സിറ്റ് പോൾ ഫലങ്ങളും പ്രവചിച്ചതിന് പിന്നാലെ ബിജെപി അടിയന്തര യോഗം ചേരുന്നു. കനത്ത തിരിച്ചടി പ്രവചിക്കപ്പെട്ടതോടെ ആഭ്യന്തര മന്ത്രി അമിത് ഷായാണ് ഡൽഹിയിൽ ബിജെപി എംപിമാരുടെ യോഗം വിളിച്ചത്. ബിജെപി ദേശീയാധ്യക്ഷൻ ജെപി നദ്ദയും മറ്റു പ്രവർത്തകരും യോഗത്തിൽ പങ്കെടുക്കുമെന്നും സൂചനയുണ്ട്.
ഇന്ന് പുറത്തു വന്ന എക്സിറ്റ് പോൾ ഫലങ്ങളിലെല്ലാം ആം ആദ്മി പാർട്ടി വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നാണ് പറയുന്നത്. ടിവി 9 – ഭാരത് വർഷ് പുറത്തുവിട്ട എക്സിറ്റ് പോൾ ഫലം പ്രകാരം ആംആദ്മി പാർട്ടിക്ക് 54 സീറ്റ് ലഭിക്കും. ബിജെപിക്ക് 15 സീറ്റും കോൺഗ്രസിന് ഒരു സീറ്റും ലഭിക്കുമെന്നാണ് പ്രവചനം.
നേതാ ന്യൂസ് എക്സ് നൽകുന്ന എക്സിറ്റ് പോളിൽ 70 സീറ്റുകളിൽ 53 സീറ്റുകളും നേടി ആം ആദ്മി പാർട്ടി അധികാരത്തിലെത്തുമെന്ന് പറയുമ്പോൾ 11-17 സീറ്റുകളാണ് ബിജെപി നേടുമെന്ന് പറയുന്നത്. കോൺഗ്രസ് ഇത്തവണയും ചിത്രത്തിൽ ഉണ്ടാവില്ലെന്നും എക്സിറ്റ് പോൾ പറയുന്നു. റിപ്പബ്ലിക്ക് ടിവിയുടെ എക്സിറ്റ് പോളിലും ആംആദ്മി പാർട്ടിക്ക് തന്നെയാണ് മുൻതൂക്കം.
എഎപി 53 മുതൽ 57 സീറ്റുകൾ വരെ നേടുമെന്ന് ന്യൂസ് എക്സ് ചാനലിന്റെ എക്സിറ്റ് പോൾ ഫലത്തിൽ പറയുന്നു. ഇന്ത്യാ ന്യൂസിന്റെ എക്സിറ്റ് പോൾ ഫലത്തിൽ ആംആദ്മി പാർട്ടിക്ക് 53 മുതൽ 57 സീറ്റ് വരെ പ്രവചിക്കുന്നു. ബിജെപിക്ക് 11-17 സീറ്റുകൾ. കോൺഗ്രസിന് രണ്ട് സീറ്റ് വരെ കിട്ടിയേക്കുമെന്നും എക്സിറ്റ് പോൾ ഫലത്തിലുണ്ട്.
ബിജെപിയുടെ തന്ത്രങ്ങൾ നിയമസഭ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കില്ലെന്ന് ചൂണ്ടിക്കാട്ടുന്നതാണ് എബിപി ന്യൂസിന്റെ എക്സിറ്റ് പോൾ ഫലം. ബിജെപിക്ക് അഞ്ച് മുതൽ 19 സീറ്റ് മാത്രമേ ലഭിക്കൂ എന്നാണ് പ്രവചനങ്ങൾ സൂചിപ്പിക്കുന്നത്.
Discussion about this post