കടലാസ് കാണിക്കില്ല പോലും! സൂക്ഷിച്ചുവെച്ചോ എൻപിആറിന് ആവശ്യം വരും; ഡൽഹിയിലെ മുസ്ലിം വനിതാ വോട്ടർമാരെ ഭീഷണിപ്പെടുത്തി ബിജെപി

ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് പോളിങ് പുരോഗമിക്കുന്നതിനിടെ വിദ്വേഷ പ്രചാരണവുമായി ബിജെപി രംഗത്ത്. ഡൽഹിയിൽ വോട്ട് ചെയ്യാനെത്തിയ മുസ്ലീം വോട്ടർമാരെ അധിക്ഷേപിച്ചും ഭീഷണിപ്പെടുത്തിയുമാണ് കർണാടക ബിജെപി ട്വിറ്ററിലൂടെ രംഗത്തെത്തിയിരിക്കുന്നത്. വോട്ട് ചെയ്യാൻ നിൽക്കുന്ന സ്ത്രീകളുടെ ചിത്രം ഔദ്യോഗിക ട്വിറ്റർ പേജിൽ പങ്കുവെച്ചാണ് ബിജെപിയുടെ ഭീഷണി. വോട്ടർ ഐഡി കാർഡ് ഉയർത്തി നിൽക്കുന്ന സ്ത്രീകളുടെ വീഡിയോയാണ് ബിജെപി പങ്കുവെച്ചത്.

രേഖകൾ കാണിക്കില്ല ഞങ്ങൾ!! രേഖകൾ സുരക്ഷിതമായി സൂക്ഷിച്ച് വെച്ചോളൂ, എൻപിആറിന്റെ ഭാഗമായി നിങ്ങൾക്ക് രേഖകൾ എല്ലാം കാണിച്ച് കൊടുക്കേണ്ടി വരുമെന്നായിരുന്നു ബിജെപിയുടെ ട്വീറ്റ്. ദേശീയ പൗരത്വ നിയമത്തിനെതിരായി നടക്കുന്ന പ്രതിഷേധങ്ങളിൽ ഏറ്റവും ഉയർന്ന് കേട്ട മുദ്രാവാക്യങ്ങളായിരുന്നു പൗരത്വം തെളിയിക്കാൻ ഞങ്ങൾ രേഖകൾ കാണിക്കില്ലെന്നത്. ഇതിനെ പരിഹസിച്ചാണ് ബിജെപിയുടെ ട്വീറ്റ്.

ദേശീയ ജനസംഖ്യാ രജിസ്റ്റർ (എൻപിആർ) വിവരശേഖരണ സമയത്ത് രേഖകളുടെ വിവരങ്ങൾ നൽകേണ്ടതില്ലെന്ന കേന്ദ്ര സർക്കാർ ആവർത്തിക്കുന്നതിനിടയിലാണ് മുസ്ലീങ്ങൾക്കെതിരെ ബിജെപിയുടെ ഭീഷണിയും അധിക്ഷേപവും. ഇതിലൂടെ പാർട്ടിയുടെ മുഖംമൂടി അഴിഞ്ഞുവീണു എന്നാണ് സോഷ്യൽമീഡിയ വിമർശിക്കുന്നത്.

Exit mobile version