ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പോളിംഗ് ഉദ്യോഗസ്ഥന് മരണപ്പെട്ടു. ബബര്‍പൂര്‍ പോളിംഗ് ബൂത്തില്‍ നിയമിച്ചിരുന്ന തെരഞ്ഞെടുപ്പ് ഓഫീസറായ ഉദ്ദം സിംഗാണ് മരിച്ചത്. ഹൃദയാഘാതം മൂലമാണ് മരണപ്പെട്ടതാണ് നിഗമനം. കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. വലിയ സുരക്ഷയ്ക്ക് നടുവിലാണ് രാജ്യതലസ്ഥാനത്ത് വോട്ടിംഗ് നടക്കുന്നത്. രാഷ്ട്രീയ -സാമൂഹിക- സിനിമ മേഖലകളിലെ പ്രമുഖരടക്കം പോളിംഗ് ബൂത്തിലേക്ക് എത്തിത്തുടങ്ങിയിട്ടുണ്ട്. അതേസമയം യമുന വിഹാര്‍, ലോധി എസ്റ്റേറ്റ് ബൂത്തുകളില്‍ ഇത് വരെ പോളിംഗ് തുടങ്ങിയിട്ടില്ല.
മെഷീനിലുള്ള തകരാര്‍ മൂലമാണ് വോട്ടിംഗ് തടസപ്പെടുന്നത്. രാജ്യം ഉറ്റുനോക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പാണ് ഡല്‍ഹിയിലേത്. രണ്ടാം മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം നടപ്പിലാക്കിയ കാശ്മീര്‍ വിഷയത്തിലും പൗരത്വ ഭേദഗതി നിയമത്തിലും വലിയ പ്രതിഷേധം രാജ്യത്ത് അലയടിക്കുകയാണ്. എല്ലാ പ്രതിഷേധങ്ങളും രാജ്യതലസ്ഥാനമായ ഡല്‍ഹിയിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്.
ഡല്‍ഹി പോലീസിനെ ഉപയോഗിച്ച് കേന്ദ്രസര്‍ക്കാര്‍ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികളെ അടിച്ചമര്‍ത്തുന്നതും പോലീസിന്റെ മുന്നില്‍വെച്ച് അക്രമികള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിയുതിര്‍ക്കുന്നതും രാജ്യത്താകെ വലിയ പ്രതിഷേധത്തിന് തിരികൊളുത്തിയതാണ്. ആം ആദ്മി പാര്‍ട്ടി ഭരിക്കുന്ന ഡല്‍ഹിയുടെ ഭരണം ഏതുവിധേനയും കൈക്കലാക്കുക എന്നതാണ് ബിജെപിയുടെ ലക്ഷ്യം. ഡല്‍ഹിയുടെ തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളില്‍ പ്രധാനമന്ത്രി തന്നെ വര്‍ഗീയ പ്രസംഗം നടത്തിയതും ചര്‍ച്ചയ്ക്ക് വഴിവെച്ചിരുന്നു. ഒരു കോടി 47 ലക്ഷം വോട്ടര്‍മാരാണ് ഡല്‍ഹിയുടെ വിധിയെഴുതുക. 672 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്.
Discussion about this post