ന്യൂഡൽഹി: സമരപന്തലിൽ എത്തുന്നതിന് മുമ്പ് തന്നെ വോട്ടവകാശം വിന്യോഗിച്ച് ഷഹീൻ ബാഗിലെ പ്രതിഷേധക്കാർ. അതിരാവിലെ തന്നെ ഷാഹീൻബാഗ് പബ്ലിക് സ്‌കൂൾ ഉൾപ്പെടെയുള്ള ബൂത്തുകളിൽ എത്തിയാണ് വോട്ടർമാർ വോട്ട് രേഖപ്പെടുത്തിയത്. അതേസമയം, രാവിലെ മുതൽ വോട്ടർമാരുടെ നീണ്ട നിരയാണ് വിവിധ മണ്ഡലങ്ങളിൽ കാണുന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരങ്ങളുടെ കേന്ദ്രമായി മാറിയ ഷഹീൻബാഗിലെ വോട്ടുകൾ ആർക്ക് അനുകൂലമെന്ന് വരും ദിവസങ്ങളിൽ അറിയാം.
സൈന്യത്തിന്റെ കനത്ത സുരക്ഷയാണ് ഇവിടെ ഒരുക്കിയത്. വോട്ടിങ് തുടങ്ങി ആദ്യമണിക്കൂറിൽ തന്നെ നീണ്ട ക്യൂ ഉണ്ടായിരുന്നു. ഷഹീൻബാഗിലെ എട്ട് മണ്ഡലങ്ങൾ ന്യൂനപക്ഷങ്ങൾക്ക് സ്വാധീനമുള്ള മണ്ഡലങ്ങളാണ്. അതുകൊണ്ട് തന്നെ ഇവിടുത്തെ ജനവിധി കോൺഗ്രസിനും ആം ആദ്മിയ്ക്കും പ്രതീക്ഷ നൽകുന്നതാണ്. പൗരത്വ ഭേദഗതിയുടെ പശ്ചാത്തലത്തിൽ ബിജെപിക്ക് ഈ മണ്ഡലങ്ങളിൽ തിരിച്ചടി ഉറപ്പാണ്.
2013 ൽ ന്യൂനപക്ഷ വോട്ടുകൾ വലിയ തോതിൽ നേടിയ കോൺഗ്രസിന് എന്നാൽ 2015 ലെ തെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ടിരുന്നു. എന്നാൽ 2015 ൽ ആം ആദ്മിക്കൊപ്പം നിന്ന ജനങ്ങൾ ഇത്തവണയും ഒപ്പമുണ്ടാകുമെന്ന ആത്മവിശ്വാസത്തിലാണ് ആം ആദ്മി പാർട്ടി. എന്നാൽ ഷഹീൻബാഗ് വിഷയം ഉൾപ്പെടെ തങ്ങൾക്കനുകൂലമാകുമെന്ന വിലയിരുത്തലിലാണ് കോൺഗ്രസ്.
2020ൽ നടക്കുന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പാണ് ഡൽഹിയിലേത്. പൗരത്വ ഭേദഗതി നിയമത്തിൽ വലിയ പ്രതിഷേധം നടന്ന മേഖല കൂടിയാണ് ഡൽഹി. അതുകൊണ്ടുതന്നെ ആം ആദ്മിക്ക് ഒപ്പം കോൺഗ്രസിനും ബിജെപിക്കും ഇത് അഭിമാന പോരാട്ടമാണ്.