ന്യൂഡൽഹി: കൊറോണ വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ട ചൈനയിലെ വുഹാനിൽ നിന്നും പാകിസ്താൻ പൗരന്മാരെ രക്ഷിക്കാമെന്ന് ഇന്ത്യ അറിയിച്ചിട്ടും പ്രതികരിക്കാതെ പാകിസ്താൻ. ഇന്ത്യൻ വിദ്യാർത്ഥികളെ വുഹാനിൽ നിന്നും ഒഴിപ്പിച്ചതിനൊപ്പം അവിടെ കുടുങ്ങിയ പാക് പൗരന്മാരായ വിദ്യാർത്ഥികളെയും ഒഴിപ്പിക്കാമെന്ന് അറിയിച്ചിട്ടും പാകിസ്താൻ പ്രതികരിച്ചില്ലെന്നാണ് വിവരം. പാകിസ്താൻ വിദ്യാർത്ഥികളെയും ചൈനയിൽ നിന്ന് കൊണ്ടുവരാമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനെ അറിയിച്ചിരുന്നു. എന്നാൽ ഇന്ത്യയുടെ മനുഷ്യത്വപരമായ സമീപനത്തോട് ഇമ്രാൻ ഖാൻ പ്രതികരിച്ചില്ലെന്ന് വാർത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു.
നോവൽ കൊറോണ വൈറസ് ബാധ പടരുന്നതിനെ തുടർന്ന് വുഹാനിൽ കുടുങ്ങിയ 640 പേരെ തിരികെയെത്തിക്കാൻ കേന്ദ്രസർക്കാർ തീരുമാനമെടുത്തതിന് പിന്നാലെയാണ് പ്രധാനമന്ത്രി പാകിസ്താനെ സഹായിക്കാമെന്ന് അറിയിച്ചത്.
അയൽ രാജ്യങ്ങളെയെല്ലാം ഇന്ത്യ സഹായിക്കാമെന്ന കാര്യം അറിയിച്ചിരുന്നു. എന്നാൽ മാലിദ്വീപ്, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ കുറച്ചുപേർ മാത്രമാണ് ഇന്ത്യയുടെ സഹായം സ്വീകരിച്ചത്. മാലിദ്വീപിൽ നിന്നുള്ള ഏഴു പൗരന്മാരെയും ഒരു ബംഗ്ലാദേശി പൗരനേയുമാണ് ഇന്ത്യ വുഹാനിൽ നിന്ന് ഒഴിപ്പിച്ചത്. തങ്ങളുടെ പൗരന്മാരെ രക്ഷപ്പെടുത്തിയതിന് മാലിദ്വീപ് സർക്കാർ ഇന്ത്യയ്ക്ക് നന്ദി അറിയിച്ചിരുന്നു.
ചൈനയിൽ കുടുങ്ങിയ തങ്ങളെ രക്ഷിക്കാൻ പാകിസ്താൻ സർക്കാർ തയ്യാറാകാത്തതിനെതിരെ പാക് വിദ്യാർഥികൾ സമൂഹ മാധ്യമങ്ങളിൽ കൂടി പ്രതിഷേധം അറിയിച്ചിരുന്നു. ഇന്ത്യയെ കണ്ടുപഠിക്കണമെന്നും അവർ വിമർശിച്ചിരുന്നു. എന്നാൽ ചൈനയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചാണ് പൗരന്മാരെ തിരികെ കൊണ്ടുവരേണ്ടെന്ന് പാകിസ്താൻ തീരുമാനിച്ചത്.
Discussion about this post