ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. രാജ്യം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പില്‍ 70 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. സംസ്ഥാനത്ത് ഭരണത്തിലിരിക്കുന്ന എഎപിയും ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ ത്രികോണ മത്സരമാണ് നടക്കുന്നത്.
ഏറ്റവും വാശിയേറിയ മത്സരമാണ് ഇത്തവണ ഡല്‍ഹിയില്‍ നടക്കുന്നത്. എഎപിയും ബിജെപിയും ശക്തമായ പ്രചാരണമാണ് ഓരോ മണ്ഡലത്തിലും നടത്തിയത്. പരമാവധി നേതാക്കളെ മണ്ഡലങ്ങളില്‍ നേരിട്ടെത്തിച്ച് വോട്ട് നേടാന്‍ ബിജെപി ശ്രമിച്ചപ്പോള്‍ അഞ്ചു കൊല്ലത്തെ വികസനം തന്നെയായിരുന്നു എഎപിയുടെ വോട്ട് ലക്ഷ്യം.
ഡല്‍ഹിയിലെ 1.47 കോടിയോളം വോട്ടര്‍മാരാണ് ഇന്ന് പോളിങ് ബൂത്തിലെത്തുക. 672 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. ആകെ 13,750 ബൂത്തുകളാണ് തയ്യാറാക്കിയിരിക്കുന്നത്. രാവിലെ എട്ടു മണി മുതല്‍ വൈകുന്നേരം ആറുമണി വരെയാണ് വോട്ടെടുപ്പ്.
അതേസമയം, എല്ലാവരും ജനാധിപത്യ അവകാശം വിനിയോഗിക്കണമെന്ന് അരവിന്ദ് കെജരിവാള്‍ ഡല്‍ഹിയിലെ ജനങ്ങളോട് ആവശ്യപ്പെട്ടു. വീട്ടിലെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നത് പോലെ രാജ്യത്തിന്റെയും ഡല്‍ഹിയുടെയും ഉത്തരവാദിത്തം നിറവേറ്റണമെന്നും വോട്ടവകാശം വിനിയോഗിക്കണമെന്നും ഡല്‍ഹിയിലെ സ്ത്രീകളോട് പ്രത്യേകമായും കെജരിവാള്‍ അഭ്യര്‍ത്ഥിച്ചു.
അതേസമയം, എല്ലാവരും തെരഞ്ഞെടുപ്പിന്റെ ഭാഗമാകണമെന്നും പോളിംഗ് റെക്കോര്‍ഡിലേക്ക് എത്തിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോഡി ജനങ്ങളോട് ആവശ്യപ്പെട്ടു.