ബംഗളൂരു: പൗരത്വ ഭേദഗതി നിയമത്തിന് പിന്നാലെ ബംഗ്ലാദേശികളെന്നാരോപിച്ച് വടക്കേ ഇന്ത്യക്കാരെ ബലമായി ഒഴിപ്പിക്കുന്നത് ശക്തിപ്പെടുന്നു. ഇതിനിടെ അനധികൃത കൈയ്യേറ്റമെന്ന പേരില്‍ ബെലന്തൂരില്‍ 100ഓളം കുടിലുകള്‍ ഇടിച്ചു നിരത്തി. ബംഗ്ലാദേശികളെന്ന് ആരോപിച്ച് ഇവിടുത്തുക്കാരെ കുടിയിറക്കുകയും ചെയ്തു.
ബെലന്തൂര്‍, വര്‍ത്തൂര്‍ മേഖലകളിലാണ് ബംഗളൂരു മഹാനഗരസഭയുടെ നേതൃത്വത്തില്‍ കുടിലുകള്‍ ഇടിച്ചു നിരത്തിയത്. ബെംഗ്ലാദേശ് കുടിയേറ്റക്കാരുണ്ടെന്നുപറഞ്ഞാണ് നടപടിയെന്ന് താമസക്കാര്‍ ആരോപിച്ചെങ്കിലും, അനധികൃതമായി സര്‍ക്കാര്‍ ഭൂമി കൈയ്യേറി കുടില്‍ നിര്‍മ്മിച്ചതിനാലാണ് ഇടിച്ചുനിരത്തലെന്നാണ് ബിബിഎംപി ആദ്യം നല്‍കിയ വിശദീകരണം.
എന്നാല്‍ ഇതിന് പിന്നാലെ നടപടിക്ക് നേതൃത്വം നല്‍കിയ ഉദ്യാഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ടും കൃത്യമായ വിശദീകരണം നല്‍കാതെയും ബിബിഎംപി തടിതപ്പിയിരിക്കുകയാണ്. നിലവില്‍ കുടില്‍കെട്ടി താമസിക്കുന്നവരോടും ഒഴിഞ്ഞുപോകാനാണ് നല്‍കിയിരിക്കുന്ന നിര്‍ദേശം. ആസാം, ത്രിപുര, മണിപ്പൂര്‍ സ്വദേശികളാണ് കുടിയിറക്കലിന് ഇരയായവരിലേറെയും തിരിച്ചറിയല്‍ രേഖകള്‍ കാണിച്ചിട്ടും അവ പരിശോധിക്കാന്‍ പോലും തയ്യാറാകാതെയാണ് ഇടിച്ച് നിരത്തിയത്. സംഭവത്തില്‍ വ്യാപക പ്രതിഷേധവും ഉയരുന്നുണ്ട്. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുന്നതിന് പകരം, വടക്കേ ഇന്ത്യയില്‍ നിന്ന് ജോലിതേടിയെത്തിവരെ മുഴുവന്‍ ഒഴിപ്പിക്കുന്ന രീതിയിലാണ് അധികൃതരുടെ നിലപാട്.
Discussion about this post