ചെന്നൈ: ഏറെ വിവാദങ്ങൾക്ക് ഒടുവിൽ ആദിവാസി വിഭാഗത്തിൽപ്പെട്ട ബാലനെക്കൊണ്ട് പൊതുജന മധ്യത്തിൽ വെച്ച് തന്റെ ചെരുപ്പ് അഴിപ്പിച്ച തമിഴ്നാട് വനം മന്ത്രി ഡിണ്ടിഗൽ സി ശ്രീനിവാസൻ സംഭവത്തിൽ ഖേദം പ്രകടിപ്പിച്ചു.
മന്ത്രി മാപ്പ് പറഞ്ഞതോടെ മസിനഗുഡി പോലീസ് സ്റ്റേഷനിൽ നൽകിയ പരാതി പിൻവലിക്കാൻ കുട്ടി സമ്മതിച്ചു. വെള്ളിയാഴ്ച കുട്ടിയെയും മാതാവിനെയും കണ്ട് മന്ത്രി ഖേദം അറിയിക്കുകയായിരുന്നു. ഊട്ടിയിലെ ഗസ്റ്റ് ഹൗസിൽ കുട്ടിക്കും മാതാവിനും പുറമേ അമ്പതോളം ഗോത്രവർഗ വിഭാഗക്കാരും ഉണ്ടായിരുന്നു. വ്യാഴാഴ്ച വൈകുന്നേരം കുട്ടി പോലീസിൽ പരാതി നൽകിയെങ്കിലും കേസ് രജിസ്റ്റർ ചെയ്യാൻ പോലീസ് തയ്യാറായിരുന്നില്ല.
മുതുമല കടുവാ സംരക്ഷണകേന്ദ്രത്തിനു സമീപത്തെ വിനായകർ ക്ഷേത്രത്തിൽ പ്രവേശിക്കാനാണു മന്ത്രി കുട്ടിയെക്കൊണ്ട് ചെരുപ്പഴിപ്പിച്ചത്. മുതുമല കടുവാ സംരക്ഷണ കേന്ദ്രത്തിൽ കുങ്കിയാനകൾക്കുള്ള 48 ദിവസത്തെ സുഖചികിത്സാ ക്യാമ്പ് ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മന്ത്രി. അതേസമയം, ആദിവാസി ബാലനെ കൊണ്ട് ചെരുപ്പഴിപ്പിക്കുന്ന വീഡിയോ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ മന്തിക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.
Discussion about this post