ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി ഒരു പ്രധാനമന്ത്രിക്ക് യോജിച്ച തരത്തിൽ പെരുമാറണമെന്ന് മുന്നറിയിപ്പ് നൽകി കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. മോഡി കഴിഞ്ഞദിവസം പാർലമെന്റിൽ നടത്തിയ ‘ട്യൂബ് ലൈറ്റ്’ പരിഹാസത്തിന് മറുപടി നൽകുകയായിരുന്നു രാഹുൽ.
ഒരു പ്രധാനമന്ത്രിക്ക് ചേരുന്ന വിധത്തിലല്ല നരേന്ദ്ര മോഡി പെരുമാറുന്നത്. പ്രധാനമന്ത്രിമാർക്ക് പ്രത്യേക അന്തസാണുള്ളത്. പ്രത്യേക രീതിയിലാണ് പ്രധാനമന്ത്രിമാർ പൊതുവെ പെരുമാറുന്നത്. എന്നാൽ, നമ്മുടെ പ്രധാനമന്ത്രി അങ്ങനെയല്ല. പ്രധാനമന്ത്രി പദത്തിന് ചേരുംവിധമല്ല അദ്ദേഹത്തിന്റെ പെരുമാറ്റമെന്നും പാർലമെന്റിന് പുറത്ത് അദ്ദേഹം മാധ്യമ പ്രവർത്തകരോട് പ്രതികരിച്ചു.
രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിലും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും പരാജയപ്പെട്ടതിന്റെ മുറുമുറുപ്പാണ് പരിഹാസത്തിന് പിന്നിലെന്ന് രാഹുൽ കഴിഞ്ഞ ദിവസം തന്നെ തിരിച്ചടിച്ചിരുന്നു. വ്യാഴാഴ്ച ലോക്സഭയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം തടസപ്പെടുത്തി രാഹുൽ സംസാരിക്കാൻ മുതിർന്നതോടെയാണ് മോഡി അദ്ദേഹത്തെ പരിഹസിച്ചത്. ‘ഞാൻ 30-40 മിനിറ്റ് സംസാരിച്ചു. പക്ഷെ, ചിലർ അങ്ങനെയാണ് ട്യൂബ് ലൈറ്റുപോലെ കത്താൻ വൈകും’-എന്നായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകൾ.
Discussion about this post