ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി കനത്ത പരാജയം നേരിടുമെന്ന് ശിവസേന. ഡല്‍ഹിയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ മികച്ച പ്രവര്‍ത്തനമാണെന്നും ശിവസേന പറയുന്നു. വാഗ്ദാനങ്ങളെല്ലാം നടപ്പിലാക്കിയതിന് അരവിന്ദ് കെജരിവാളിനെ നരേന്ദ്ര മോഡിയും അമിത് ഷായും പ്രശംസിക്കണമെന്നും മഹാരാഷ്ട്ര ഭരണകക്ഷി പറഞ്ഞു. ഡല്‍ഹി തെരഞ്ഞെടുപ്പില്‍ ഒന്നും ചെയ്യാനാവാതെയാണ് പ്രധാനമന്ത്രിയും അമിത്ഷായും മടങ്ങുന്നത്.
അവര്‍ മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും പരാജയപ്പെട്ടു. അത് കൊണ്ട് ബിജെപിക്ക് ഡല്‍ഹിയില്‍ വിജയിക്കണമെന്ന് തോന്നും അതില്‍ തെറ്റൊന്നുമില്ലെന്നും ശിവസേന മുഖപത്രമായ സാമ്നയിലെ മുഖപ്രസംഗത്തില്‍ പറയുന്നു. ഡല്‍ഹിയില്‍ വിജയിക്കുക എന്ന ലക്ഷ്യത്തോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങല്‍ നിന്നുള്ള 200 എംപിമാര്‍, ബിജെപി മുഖ്യമന്ത്രിമാര്‍, മുഴുവന്‍ കേന്ദ്രമന്ത്രിമാരും പ്രദേശത്തെത്തിയിട്ടുണ്ട്.
ഇവരെയെല്ലാം മറികടന്ന് അരവിന്ദ് കെജരിവാള്‍ ശക്തമായി മുന്നിട്ടുനില്‍ക്കുന്നുവെന്നും ശിവസേന പറയുന്നു. വറ്റിവരണ്ട തടാകത്തില്‍ താമര വിരിയില്ല. കേന്ദ്രസര്‍ക്കാര്‍ സൃഷ്ടിച്ച എല്ലാ തടസ്സങ്ങളെയും അതിജീവിച്ച് പരിമിതമായ അധികാരം ഉപയോഗിച്ച് ആരോഗ്യരംഗത്തും വിദ്യാഭ്യാസ രംഗത്തും ക്ഷേമരംഗത്തും ആംആദ്മി സര്‍ക്കാര്‍ മികച്ചതായി പ്രവര്‍ത്തിച്ചെന്നും മുഖപ്രസംഗത്തില്‍ തുറന്നടിക്കുന്നു.