ന്യൂഡല്‍ഹി: വിമാനയാത്രയ്ക്കിടെ ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച ചൈനീസ് പൗരനെ പൂനെയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യാത്രാമധ്യേ പലതവണ ഛര്‍ദ്ദിച്ചതോടെയാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊറോണ സംശയത്തെ തുടര്‍ന്ന് ഇയാളെ ഇപ്പോള്‍ പൂനയിലെ നായിഡു ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡിലേയ്ക്ക് മാറ്റിയിരിക്കുകയാണ്.
എയര്‍ ഇന്ത്യ വിമാനത്തില്‍ ഡല്‍ഹിയില്‍ നിന്ന് പൂനെയിലേക്ക് യാത്ര ചെയ്യുകയായിരുന്നു ഇയാള്‍. വിമാനത്തില്‍ വച്ച് ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച ഇയാള്‍ രണ്ടു തവണ ഛര്‍ദ്ദിക്കുകയും ചെയ്തു. ഇതാണ് ആശങ്കയ്ക്ക് വഴിവെച്ചത്. ഉടന്‍ തന്നെ വിമാനത്തിലെ ജീവനക്കാര്‍ അധികൃതരെ വിവരം അറിയിക്കുകയും ഇയാളെ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.
പരിശോധനക്കായി രക്ത സാമ്പിളുകള്‍ പൂനെ വൈറോളജി ലാബിലേക്ക് അയച്ചിട്ടുണ്ടെന്ന് ഡോ. രാമചന്ദ്ര ഹങ്കാരെ പ്രതികരിച്ചു. വിമാനം അണുവിമുക്തമാക്കിയ ശേഷമാണ് ഡല്‍ഹിയിലേയ്ക്ക് പോയതെന്നാണ് വിവരം. സംഭവത്തില്‍ രാജ്യത്ത് പുതിയ ആശങ്കയ്ക്ക് കൂടി വഴിവെച്ചിരിക്കുകയാണ്.