ലഖ്നൗ: വിശ്വാസത്തിന്റെ ഭാഗമായി കണ്ണുതട്ടാതിരിക്കാന്‍ കഴുത്തില്‍ കെട്ടിയ ചരട് മുറുകി കുട്ടിക്ക് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ ശാമലിയിലാണ് സംഭവം. കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഒരുവയസ്സുള്ള കുട്ടിയാണ് മരിച്ചത്.
ബേബി കാരിയറില്‍ ഇരുന്ന് ഉറങ്ങുകയായിരുന്ന കുട്ടി. ഇതിനിടെ താഴെ വീണപ്പോള്‍ കഴുത്തില്‍ കെട്ടിയിരുന്ന ചരട് ബേബി കാരിയറില്‍ കുടുങ്ങുകയായിരുന്നു. കുട്ടിയുടെ മാതാപിതാക്കള്‍ വീടിന്റെ ടെറസിലായിരുന്നതിനാല് ശ്വാസം കിട്ടാതെ കുട്ടി പിടയുന്ന വിവരം ഇവര്‍ അറിഞ്ഞില്ല.
കുറച്ച് സമയം കഴിഞ്ഞ് നോക്കിയപ്പോഴാണ് കഴുത്തില്‍ ചരട് കുരുങ്ങി ശ്വാസം നിലച്ച നിലയില്‍ നിലത്ത് വീണ കുട്ടിയെ കണ്ടത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവന് രക്ഷിക്കാനായില്ല. കണ്ണുതട്ടാതിരിക്കാന്‍ കുട്ടികളുടെ കഴുത്തില്‍ കറുത്ത ചരട് കെട്ടുന്നത് ഉത്തര്‍പ്രദേശിലെ വിശ്വാസങ്ങളുടെ ഭാഗമാണ്. ഇതിന് മുമ്പും ചരട് കഴുത്തില്‍ മുറുകി സമാന രീതിയില്‍ ശാമലിയില്‍ ഒരു കുട്ടി മരിച്ചിരുന്നു.
Discussion about this post