ന്യൂഡല്‍ഹി: ലോക്സഭയിലെ നന്ദിപ്രമേയ ചര്‍ച്ചയ്ക്കുള്ള മറുപടിപ്രസംഗത്തില്‍ കോണ്‍ഗ്രസ് എംപി ശശിതരൂരിനെയും ജമ്മു കാശ്മീരിനെയും ബന്ധപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയ പരാമര്‍ശത്തില്‍ മറുപടിയുമായി ശശി തരൂര്‍ എംപി രംഗത്ത്. പ്രധാനമന്ത്രിയുടെ തേനൊലിപ്പിച്ചു കൊണ്ടുള്ള പ്രസംഗത്തില്‍ നാലുവട്ടം എന്റെ പേര് പരാമര്ശിക്കപ്പെട്ടതില് മിഥ്യാഭിമാനം തോന്നണോ അതോ ആഹ്ലാദിക്കണോ എന്നറിയില്ലെന്ന് ശശി തരൂര്‍ പറഞ്ഞു.
ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പ്രധാനമന്ത്രി നടത്തിയ പ്രസംഗം ചരിത്രം വളച്ചൊടിച്ചു കൊണ്ടുള്ളതാണെന്നും തരൂര്‍ ആരോപിച്ചു. പ്രധാനമന്ത്രിയുടെ തേനൊലിപ്പിച്ചു കൊണ്ടുള്ള പ്രസംഗത്തില്‍ നാലുവട്ടം എന്റെ പേര് പരാമര്ശിക്കപ്പെട്ടതില് മിഥ്യാഭിമാനം തോന്നണോ അതോ ആഹ്ലാദിക്കണോ എന്നറിയില്ല. എന്നാല്‍ ചരിത്രത്തിന്റെ കാറ്റാടിയന്ത്രത്തിന്റെ ഗതി മാറ്റാന്‍ അദ്ദേഹം തുടര്‍ച്ചയായി ശ്രമിക്കുന്നതില്‍ എനിക്ക് തീരെ സന്തോഷം തോന്നുന്നില്ലെന്നും മാത്രവുമല്ല, പവിത്രമായ ഒരു ഭരണഘടനാസന്ദര്ഭത്തെ വെറും രാഷ്ട്രീയപ്രസംഗത്തിനുള്ള വേദിയാക്കി ചുരുക്കുകയും ചെയ്തുവെന്നും തരൂര്‍ പറഞ്ഞു.
ശശി തരൂര്‍ജീ, നിങ്ങള്‍ ജമ്മു കാശ്മീരിന്റെ മരുമകനാണ്. നിങ്ങള്‍ ജാഗ്രത കാണിക്കണമെന്നായിരുന്നു മോഡി പറഞ്ഞത്. ജമ്മു കശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളഞ്ഞതിനെ കുറിച്ച് പരാമര്‍ശിക്കവേയാണ് മോഡി ഇക്കാര്യം പറഞ്ഞത്. തരൂരിന്റെ അന്തരിച്ച ഭാര്യ സുനന്ദ പുഷ്കര്‍ ജമ്മു കാശ്മീര്‍ സ്വദേശിനിയാണ്. ഇത് പരോക്ഷമായി സൂചിപ്പിച്ചു കൊണ്ടായിരുന്നു മോഡിയുടെ പരാമര്‍ശം. എന്നാല്‍ തന്നെയും ജമ്മു കശ്മീരിനെയും ബന്ധപ്പെടുത്തി മോഡി നടത്തിയ പരാമര്‍ശങ്ങള്‍ തരൂരിനെ പ്രകോപിപ്പിച്ചു.
ഇതിന് പിന്നാലെയാണ് മോഡിയെ രൂക്ഷമായി വിമര്‍ശിച്ച് തരൂര്‍ രംഗത്തെത്തിയത്. അദ്ദേഹം(മോഡി) ചോദിച്ചു, ഭരണഘടനയെ പ്രതിരോധിക്കുന്നവര്‍ എന്തിനാണ് 370-ാം അനുച്ഛേദത്തെ പിന്തുണയ്ക്കുന്നതെന്ന്… 370-ാം അനുച്ഛേദം ഭരണഘടനയിലുള്ളതാണ്. അതിനോടുള്ള ബഹുമാനം ഭരണഘടനയോടുള്ള ബഹുമാനത്തിന്റെ ഭാഗമാണെന്നാണ് എന്റെ മറുപടി – തരൂര്‍ ട്വീറ്റില്‍ വ്യക്തമാക്കി.
ഞാന്‍ കാശ്മീരിന്റെ മരുമകനാണെന്ന് ഓര്‍മിപ്പിക്കാന്‍ യോഗ്യനാണ് പ്രധാനന്ത്രിയെന്ന് കരുതുന്നു. അഭിമാനമുള്ള മരുമകനെന്ന നിലയില്‍ ഞാന്‍ ചോദിക്കുകയാണ്. എപ്പോഴാണ് കാശ്മീരില്‍ സാധാരണ നില പുനഃസ്ഥാപിക്കപ്പെടുന്നത്. എപ്പോഴാണ് തടവിലാക്കപ്പെട്ട അവരുടെ രാഷ്ട്രീയനേതാക്കള്‍ മോചിപ്പിക്കപ്പെടുന്നത്. എപ്പോഴാണ് ഇന്റര്‍നെറ്റ് സേവനം പൂര്‍ണമായി പുനഃസ്ഥാപിക്കുക- എന്നും തരൂര്‍ മോഡിയോട് ചോദിച്ചു.
Discussion about this post