ന്യൂഡൽഹി: ബിജെപി വ്യാജ വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ വഞ്ചിക്കുന്നെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഘേൽ. തൊഴിലില്ലായ്മയോ കർഷക പ്രതിസന്ധിയോ പരിഹരിക്കാൻ ബിജെപിക്ക് സാധിച്ചിട്ടില്ലെന്നും പൗരത്വ നിയമ ഭേദഗതിയെ കുറിച്ചാണ് അവർ എപ്പോഴും സംസാരിക്കുന്നതെന്നും ബാഘേൽ ഡൽഹിയിലെ തെരഞ്ഞെടുപ്പ് പ്രചരണറാലിക്കിടെ കുറ്റപ്പെടുത്തി.
‘രാജ്യത്ത് സാധാരണക്കാർക്ക് പ്രയോജനം ലഭിച്ചിട്ടില്ല. കർഷകർ ഇപ്പോഴും പ്രതിസന്ധിയിലാണ്, യുവാക്കൾക്ക് ജോലി ലഭിക്കുന്നില്ല, പണപ്പെരുപ്പം എക്കാലത്തെക്കാളും ഉയർന്നതാണ്. ബിജെപി ജനങ്ങൾക്ക് എല്ലാ വ്യാജ വാഗ്ദാനങ്ങളും നൽകിയിട്ടുണ്ട്. ബിജെപി സംസാരിക്കുന്നത് ഹിന്ദു-മുസ്ലിംങ്ങളെ കുറിച്ചാണ്. അവർ ഇപ്പോൾ സംസാരിക്കുന്നത് പൗരത്വ നിയമ ഭേദഗതി, ദേശീയ ജനസംഖ്യാ രജിസ്റ്റർ, എൻആർസി എന്നിവയെക്കുറിച്ച് മാത്രമാണ്. ഗംഗയെ വൃത്തിയാക്കുന്നതിൽ അവർ പരാജയപ്പെട്ടു. കർഷകർക്ക് വേണ്ടി ഒന്നും ചെയ്തില്ല. എൻപിആറിൽ അവർ മാതാപിതാക്കളുടെ സർട്ടിഫിക്കറ്റുകൾ ചോദിക്കും. മാതാപിതാക്കൾ നിരക്ഷരരാണെങ്കിൽ അവർ എങ്ങനെ രേഖകൾ ഹാജരാക്കും സമൂഹത്തിൽ ഭിന്നത സൃഷ്ടിക്കാൻ ബിജെപി ശ്രമിക്കുന്നു. ഡൽഹിയിൽ അഞ്ചു വർഷം കൊണ്ട് അരവിന്ദ് കെജരിവാൾ നടത്തിയ പ്രവർത്തനങ്ങൾ ഛത്തീസ്ഗഡിലെ കോൺഗ്രസ് സർക്കാർ ഒരു വർഷം കൊണ്ട് പൂർത്തിയാക്കി’- എന്നും ബാഘേൽ പറഞ്ഞു.
Discussion about this post