ലഖ്നൗ: അഖില ഭാരതീയ ഹിന്ദുമഹാസഭയുടെ ഉത്തർപ്രദേശിലെ അധ്യക്ഷൻ രഞ്ജിത്ത് ബച്ചനെ കൊലപ്പെടുത്തിയത് രണ്ടാം ഭാര്യയും കാമുകനും സഹായികളും ചേർന്ന്. രഞ്ജിത് വെടിയേറ്റു മരിച്ച സംഭവത്തിൽ രഞ്ജിത്തിന്റെ രണ്ടാംഭാര്യ സ്മൃതി ശ്രീവാസ്തവ, സ്മൃതിയുടെ കാമുകൻ ദീപേന്ദ്ര, ഡ്രൈവർ സഞ്ജീവ് ഗൗതം എന്നിവരെ വ്യാഴാഴ്ച പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ഞായറാഴ്ച പ്രഭാത സവാരിക്കിറങ്ങിയ രഞ്ജിത് ബച്ചൻ വെടിയേറ്റ് മരിക്കുകയായിരുന്നു. രഞ്ജിത്തിനു നേർക്ക് വെടിയുതിർത്ത ജിതേന്ദ്ര എന്നയാളെ പിടികൂടാനുണ്ടെന്ന് ലഖ്നൗ പോലീസ് കമ്മീഷണർ സുജിത് പാണ്ഡേ പത്രസമ്മേളനത്തിൽ അറിയിച്ചു.
രഞ്ജിത്തിൽനിന്ന് വിവാഹമോചനം നേടാനും ദീപേന്ദ്രയെ വിവാഹം ചെയ്യാനുമായി സ്മൃതിയാണ് കൊലപാതകം ആസൂത്രണം ചെയ്തത്. 2016 മുതൽ കുടുംബകോടതിയിൽ ഇവരുടെ വിവാഹമോചന കേസ് നടന്നുവരികയാണ്. എന്നാൽ സ്മൃതിക്ക് വിവാഹമോചനം നൽകാൻ രഞ്ജിത്ത് തയ്യാറായിരുന്നില്ല. ഇതിന് പിന്നാലെ, ജനുവരി 17ന് രഞ്ജിത്തും സ്മൃതിയും തമ്മിൽ കണ്ടിരുന്നു. കൂടിക്കാഴ്ചയ്ക്കിടെ സ്മൃതിയെ രഞ്ജിത്ത് മർദിച്ചു. ഇതോടെ രഞ്ജിത്തിനെ ഇല്ലാതാക്കാൻ സ്മൃതി മനസിലുറപ്പിക്കുകയായിരുന്നു.
അതേസമയം, രഞ്ജിത്തിന്റെ കൊലപാതകത്തിന് പിന്നിൽ ആരാണെന്നറിയാൻ വിശദമായ അന്വേഷണമാണ് പോലീസ് നടത്തിയത്. ഭീകരവാദികൾക്ക് സംഭവവുമായി ബന്ധമുണ്ടോയെന്നായിരുന്നു ആദ്യഘട്ടത്തിലെ പോലീസ് അന്വേഷണം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പുറത്തുവിടുകയും വിവരം നൽകുന്നവർക്ക് അമ്പതിനായിരം രൂപ പ്രതിഫലം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
രഞ്ജിത്തിന്റെ കൊലപാതകത്തിന് പിന്നിൽ സാമ്പത്തിക തർക്കങ്ങളോ വസ്തുതർക്കങ്ങളോ കാരണങ്ങളായിട്ടില്ലെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കൊലപാതകത്തിനു പിന്നിൽ സ്മൃതിയും അവരുടെ കാമുകനുമാണെന്ന് പോലീസ് കണ്ടെത്തിയിരിക്കുന്നത്.
Discussion about this post