കെമിക്കല്‍ ഫാക്ടറിയില്‍ വിഷവാതക ചോര്‍ച്ച; ഉറങ്ങിക്കിടന്ന കുട്ടികളടക്കം ഏഴ് പേര്‍ മരിച്ചു, സമീപത്തെ കന്നുകാലികളും ചത്തു വീണു!

കെമിക്കല്‍ ഫാക്ടറിയിലെ പൈപ്പ്ലൈനില്‍ ഉണ്ടായ ചോര്‍ച്ച മൂലം വിഷവാതകം വ്യാപിക്കുകയായിരുന്നു.

സീതാപൂര്‍: ഉത്തര്‍പ്രദേശിലെ കെമിക്കല്‍ ഫാക്ടറിയില്‍ വിഷവാതക ചോര്‍ച്ചയെ തുടര്‍ന്ന് കുട്ടികള്‍ അടക്കം ഏഴ് പേര്‍ മരിച്ചു. ഉറങ്ങിക്കിടന്നവരാണ് മരിച്ചതെന്നാണ് വിവരം. ഉത്തര്‍പ്രദേശിലെ സീതാപൂരിലുള്ള ഫാക്ടറിയിലാണ് അപകടമുണ്ടായത്. ഫാക്ടറിയോട് ചേര്‍ന്നുള്ള പരവതാനി നിര്‍മ്മാണശാലയില്‍ ഉണ്ടായിരുന്നവരാണ് കൊല്ലപ്പെട്ടത്.

കെമിക്കല്‍ ഫാക്ടറിയിലെ പൈപ്പ്ലൈനില്‍ ഉണ്ടായ ചോര്‍ച്ച മൂലം വിഷവാതകം വ്യാപിക്കുകയായിരുന്നു. ജില്ലാ മജിസ്ട്രേറ്റിന്റെ നേതൃത്വത്തില്‍ പ്രദേശത്ത് ഇപ്പോഴും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മരണ സംഖ്യ ഉയര്‍ന്നേക്കാമെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന. രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായ ശേഷമേ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുള്ളു എന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

‘പ്രദേശവാസികളാണ് വാതകചോര്‍ച്ചയെപ്പറ്റി പോലീസില്‍ അറിയിച്ചത്. വിഷവാതകത്തിന്റെ രൂക്ഷമായ ഗന്ധം മൂലം ഫാക്ടറി പരിസരത്തേക്ക് എത്തിച്ചേരാന്‍ രക്ഷാപ്രവര്‍ത്തകര്‍ വലിയ ബുദ്ധിമുട്ട് നേരിട്ടിരുന്നു. ഇതുവരെ ഏഴ് മൃതദേഹങ്ങളാണ് പുറത്തെത്തിക്കാന്‍ കഴിഞ്ഞിട്ടുള്ളത്.’ സിതാപൂര്‍ എസ്പി എല്‍ആര്‍ കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. പ്രദേശത്ത് ഇപ്പോഴും രൂക്ഷഗന്ധം തുടരുകയാണ്. കൂടാതെ കന്നുകാലികളും ചത്തു വീണിട്ടുണ്ട്. വാതകചോര്‍ച്ചയില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് ജില്ല ഭരണകേന്ദ്രം പ്രഖ്യാപിച്ചു.

Exit mobile version