ന്യൂഡല്‍ഹി: യുവാക്കളുടെ മര്‍ദനമേറ്റുവാങ്ങാന്‍ തന്റെ ശരീരത്തെ പാകപ്പെടുത്തുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. രാജ്യത്തെ തൊഴിലില്ലായ്മ പരിഹരിച്ചില്ലെങ്കില്‍ പ്രധാനമന്ത്രി യുവാക്കളുടെ മര്‍ദനമേറ്റുവാങ്ങേണ്ടി വരുമെന്ന് രാഹുല്‍ ഗാന്ധി നേരത്തെ പറഞ്ഞിരുന്നു. ഇതിന് മറുപടി നല്‍കുകയായിരുന്നു മോഡി.
ലോക്സഭയിലാണ് മോഡിയുടെ പ്രതികരണം. വെളളിയാഴ്ച ഡല്‍ഹിയില്‍ ഒരു റാലിയെ അഭിസംബോധന ചെയ്യുന്നതിനിടയിലാണ് രാഹുല്‍ മോഡിക്ക് മുന്നറിയിപ്പ് നല്‍കിയത്. ‘പ്രധാനമന്ത്രി ഇപ്പോള്‍ പ്രസംഗങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ആറുമാസങ്ങള്‍ക്ക് ശേഷം, അദ്ദേഹത്തിന് വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ സാധിക്കില്ല. ഇന്ത്യയിലെ യുവാക്കള്‍ അദ്ദേഹത്തെ വടി ഉപയോഗിച്ച് പ്രഹരിക്കും. അവര്‍ക്ക് ജോലി നല്കാനായില്ലെങ്കില് രാജ്യം പുരോഗതിയിലെത്തില്ലെന്ന് അദ്ദേഹത്തെ മനസ്സിലാക്കിപ്പിക്കും.’ എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം.
ഇതിനാണ് ഇപ്പോള്‍ മോഡി മറുപടി നല്‍കിയത്. ‘കഴിഞ്ഞ ദിവസം ഒരു കോണ്‍ഗ്രസ് നേതാവ് അടുത്ത ആറുമാസത്തിനുള്ളില്‍ മോഡിയെ യുവാക്കള്‍ വടിയെടുത്ത് അടിക്കുമെന്ന് പറഞ്ഞത് ഞാന്‍ കേട്ടിരുന്നു. ആ ആറുമാസം ഞാന്‍ കൂടുതല്‍ സൂര്യനമസ്കാരം ചെയ്യും എന്നിട്ട് അവരുടെ പ്രഹരങ്ങള്‍ ഏറ്റുവാങ്ങാന്‍ എന്റെ ശരീരത്തെ കരുത്തുള്ളതാക്കും. കഴിഞ്ഞ 20 വര്‍ഷമായി നിങ്ങളുടെ പ്രഹരങ്ങള്‍ ഞാന്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്.’ എന്നായിരുന്നു മോഡിയുടെ മറുപടി.
Discussion about this post