ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. അടിയന്തരാവസ്ഥക്കാലത്ത് ഭരണഘടന മറന്നവരാണ് കോണ്‍ഗ്രസെന്നും ഭരണഘടന എന്തെന്ന് പഠിക്കേണ്ടത് പ്രതിപക്ഷമാണെന്നും മോഡി പറഞ്ഞു.
ലോക്‌സഭയില്‍ പ്രതിപക്ഷത്തിന് മറുപടി നല്‍കവേയാണ് പ്രധാനമന്ത്രിയുടെ വിമര്‍ശനം. പ്രതിപക്ഷത്തിന്റെ മാര്‍ഗത്തില്‍ സഞ്ചരിച്ചാല്‍ ഒരു മാറ്റവും രാജ്യത്തിന് ഉണ്ടാകുമായിരുന്നില്ലെന്നും സര്‍ക്കാര്‍ വികസനം വേഗത്തില്‍ കൊണ്ടുവരുന്നുണ്ടെന്നും മോഡി വ്യക്തമാക്കി.
കശ്മീരിന്റെ പ്രത്യേക അധികാരം എടുത്തു കളഞ്ഞു, മുത്തലാഖ്, പീഡനക്കേസുകളില്‍ ശിക്ഷ ഉറപ്പാക്കല്‍ എല്ലാം മുന്നോട്ടുപോയെന്നും കോണ്‍ഗ്രസിന്റെ ആശയങ്ങള്‍ എന്നും വികസനത്തിന് തടസമായിരുന്നെന്നും മോഡി കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസ് പാതയിലായിരുന്നെങ്കില്‍ രാമക്ഷേത്രം തര്‍ക്ക ഭൂമിയായി തുടര്‍ന്നേനെ. വടക്കു കിഴക്കന്‍ മേഖലകളുടെ വികസനം രാഷ്ട്രീയം മൂലം മുരടിച്ചുവെന്നും യുപിഎയുടെ ശ്രദ്ധ പ്രഭാഷണങ്ങളില്‍ മാത്രമായിരുന്നുവെന്നും നരേന്ദ്ര മോഡി കുറ്റപ്പെടുത്തി.