ലഖ്‌നൗ: വീണ്ടും വിദ്വേഷ പരാമര്‍ശവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്ത്. വിഭജന കാലത്ത് ഇന്ത്യയില്‍ തുടരുക വഴി രാജ്യത്തിന് ഉപകാരം ഒന്നുമല്ല മുസ്ലീങ്ങള്‍ ചെയ്തതെന്നാണ് യോഗി ആദിത്യനാഥ് പറഞ്ഞത്. പാകിസ്താന്റെ രൂപീകരണത്തിന് കാരണമായ വിഭജനത്തെ എതിര്‍ക്കുകയായിരുന്നു അവര്‍ ചെയ്യേണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, യോഗി ആദിത്യനാഥിനെതിരെ കടുത്ത വിമര്‍ശനമാണ് ഈ വിഷയത്തില്‍ ആം ആദ്മി പാര്‍ട്ടി നടത്തിയിരിക്കുന്നത്. സാമുദായിക വിഭജനത്തിന് കാരണമാകുന്ന പ്രസ്താവനകള്‍ തുടരുന്ന യോഗി ആദിത്യനാഥിനെ ഡല്‍ഹിയില്‍ പ്രചാരണം നടത്തുന്നതില്‍ നിന്ന് വിലക്കണമെന്ന് എഎപി തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം രാഹുല്‍ വയനാട്ടില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിനു പിന്നാലെ മുസ്ലീം ലീഗിനെതിരെ ആരോപണവുമായി ആദിത്യനാഥ് രംഗത്തുവന്നിരുന്നു. മുസ്ലിം ലീഗ് ഒരു വൈറസാണെന്നും കോണ്‍ഗ്രസ് പാര്‍ട്ടിയെ ബാധിച്ച ഈ വൈറസ് രാജ്യമാകെ വ്യാപിക്കുമെന്നും ആദിത്യനാഥ് ട്വിറ്ററിലാണ് പറഞ്ഞത്. വെറസ് ബാധിച്ചവര്‍ അതിനെ അതിജീവിക്കാറില്ല. പ്രതിപക്ഷമായ കോണ്‍ഗ്രസിനെ ആ വൈറസ് ഇപ്പോള്‍ത്തന്നെ ബാധിച്ചിരിക്കുന്നു. കോണ്‍ഗ്രസ് വിജയിച്ചാല്‍ അവരെ ബാധിച്ച വൈറസ് ഇന്ത്യ മുഴുവന്‍ വ്യാപിക്കുമെന്നും ആദിത്യനാഥ് പറഞ്ഞിരുന്നു.