ചെന്നൈ: ആദായനികുതി വകുപ്പ് ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെ കസ്റ്റഡിയിൽ എടുത്ത തമിഴ് സൂപ്പർതാരം വിജയ്‌യെ ചോദ്യം ചെയ്യുന്നതിനായി കൂടുതൽ ഉദ്യോഗസ്ഥരെത്തി. ആദായ നികുതി വകുപ്പിലെ നാല് ഉദ്യോഗസ്ഥർ കൂടിയാണ് സ്ഥലത്തെത്തിയത്. തുടർച്ചയായ രണ്ടാം ദിവസമാണ് വിജയിയെ ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുന്നത്. വിജയ്‌യുടെ സാലിഗ്രാമിലെ വസതിയിലും റെയ്ഡ് നടത്തിയിരുന്നു.
ഇതിന് പിന്നാലെ, ബിഗിൽ സിനിമയുടെ ഡിസ്ട്രിബ്യൂട്ടർമാരുടെ ഓഫീസിലും വസതികളിലും റെയ്ഡ് നടക്കുന്നുണ്ട്. മധുരയിലും ചെന്നൈയിലുമായാണ് ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തുന്നത്. എജിഎസ് ഗ്രൂപ്പിന്റെ സ്ഥാപനങ്ങളിലും പരിശോധന നടക്കുകയാണ്. സിനിമ ബിഗിലിന്റെ നിർമ്മാതാക്കളുടെ കണക്കും വിജയിയുടെ പക്കലുള്ള രേഖകളും തമ്മിൽ വൈരുദ്ധ്യമുണ്ടെന്ന് ആദാനയനികുതി വകുപ്പ് പറഞ്ഞു. എജിഎസ് ഗ്രൂപ്പിന്റെ ഓഫീസിൽ നിന്നും 25 കോടി രൂപ കണ്ടെടുത്തതായാണ് റിപ്പോർട്ട്. സിനിമ ബിഗിലിന് വിജയ് പ്രതിഫലം വാങ്ങിയതുമായി ബന്ധപ്പെട്ട രേഖകൾ പിടിച്ചെടുത്തിട്ടുമുണ്ട്. കേന്ദ്ര സർക്കാരിനും അണ്ണാ ഡിഎംകെയ്ക്കുമെതിരെ വിജ്യ വിമർശനം നടത്തിയതിന് പിന്നാലെയാണ് റെയ്ഡ് എന്നതും ശ്രദ്ധേയമാണ്.
കടലൂരിലെ മാസ്റ്റേഴ്‌സ് സിനിമയുടെ ഷൂട്ടിങ്ങ് ലൊക്കേഷനിൽ എത്തിയാണ് സമൻസ് ഉദ്യോഗസ്ഥർ വിജയ്‌യ്ക്ക് കൈമാറിയത്. ചോദ്യം ചെയ്യലിന് സഹകരിക്കാമെന്ന് അറിയിച്ച വിജയ്‌യെ, ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ കാറിൽകയറ്റി ചെന്നൈയിലേക്ക് കൊണ്ടുപോവുകയായിരുന്നു. ബിഗിൽ സിനിമയുടെ നിർമ്മാതാക്കളായ എജിഎസ് ഫിലിംസിന്റെ പണമിടപാടുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യൽ. ആദായ നികുതി റിട്ടേൺ സമർപ്പിച്ചതിൽ ക്രമക്കേടുണ്ടോയെന്നാണ് പരിശോധിക്കുന്നത്. എജിഎസ് ഫിലിംസിന്റെ ചെന്നൈയിൽ ഉൾപ്പടെയുള്ള ഓഫീസുകളിൽ കഴിഞ്ഞ ദിവസം ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു.
വിജയിയെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ മാസ്റ്റേഴ്‌സിന്റെ ഷൂട്ടിങ്ങ് തൽക്കാലത്തേക്ക് നിർത്തിവച്ചു. ചെന്നൈ സാലിഗ്രാമത്തിലെ വിജയിയുടെ വസതിയിലും ആദായനികുതി വകുപ്പ് പരിശോധന നടത്തി.
അതേസമയം, ജിഎസ്ടി, നോട്ട് റദ്ദാക്കൽ തുടങ്ങിയ വിഷയങ്ങളിൽ നരേന്ദ്രമോഡി സർക്കാരിനെ വിമർശിച്ചും അത്തരം രംഗങ്ങൾ ചിത്രങ്ങളിൽ ഉൾപ്പെടുത്തിയും വിവാദമുണ്ടാക്കിയ വിജയ്‌യെ കേന്ദ്ര സർക്കാർ മനഃപൂർവ്വം ദ്രോഹിക്കുകയാണ് എന്നാണ് സോഷ്യൽമീഡിയയിൽ ഉയരുന്ന പ്രധാന ആരോപണം. മോഡിയെ വിമർശിച്ചതിന് ജോസഫ് വിജയിയെന്നെഴുതിയ കോലം കത്തിച്ചും ഫ്‌ളക്‌സുകൾ കീറിയുമാണ് അന്ന് ബിജെപി പ്രവർത്തകർ പ്രതിഷേധിച്ചത്.
ബിജെപി അനുകൂല പ്രസ്താവനകൾക്ക് പിന്നാലെ രജനീകാന്തിനെതിരായ നികുതി കേസുകൾ ആദായ നികുതി അവസാനിപ്പിച്ചത് ദിവസങ്ങൾക്ക് മുമ്പാണ്. ഇതിന് പിന്നാലെയാണ് വിജയിക്ക് എതിരായ നടപടി. ഇതാണ് സോഷ്യൽമീഡിയയും ചൂണ്ടിക്കാണിക്കുന്നത്.
Discussion about this post