വിജയ്‌യുടെ ബിഗിൽ കുരുക്കിൽ; കണക്കുകൾ തമ്മിൽ വൈരുദ്ധ്യമെന്ന് ആദായ നികുതി വകുപ്പ്; കേന്ദ്രത്തെ പുകഴ്ത്തി രജനികാന്ത് നികുതി കേസിൽ നിന്നും ഊരിയത് ചൂണ്ടിക്കാണിച്ച് സോഷ്യൽമീഡിയ

ചെന്നൈ: തമിഴ് നടൻ വിജയ് അഭിനയിച്ച സിനിമ ബിഗിലുമായി ബന്ധപ്പെട്ട കണക്കുകളിൽ വൈരുദ്ധ്യമെന്ന് ആദായനികുതി വകുപ്പ്. നിർമ്മാതാക്കളുടെ കണക്കും വിജയ്‌യുടെ പക്കലുള്ള രേഖകളും തമ്മിൽ വൈരുദ്ധ്യമുണ്ടെന്നാണ് ആദായനികുതി വകുപ്പ് പറയുന്നത്. ബിഗിലിന് പ്രതിഫലം വാങ്ങിയതുമായി ബന്ധപ്പെട്ട രേഖകൾ പിടിച്ചെടുത്തു. നടൻ വിജയിയെ ചോദ്യംചെയ്യുന്നത് തുടരുകയാണ്. കേന്ദ്രസർക്കാരിനും അണ്ണാ ഡിഎകെയ്ക്കുമെതിരായി വിമർശനമുന്നയിച്ചതിന്റെ പേരിലെ വിവാദം കെട്ടടങ്ങും മുമ്പാണ് വിജയ്‌യ്‌ക്കെതിരെ ആദായ നികുതി വകുപ്പ് നടപടി.

കടലൂരിലെ മാസ്റ്റേഴ്‌സ് സിനിമയുടെ ഷൂട്ടിങ്ങ് ലൊക്കേഷനിൽ എത്തിയാണ് സമൻസ് ഉദ്യോഗസ്ഥർ വിജയ്‌യ്ക്ക് കൈമാറിയത്. ചോദ്യം ചെയ്യലിന് സഹകരിക്കാമെന്ന് അറിയിച്ച വിജയ്‌യെ, ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ കാറിൽകയറ്റി ചെന്നൈയിലേക്ക് കൊണ്ടുപോയി. ബിഗിൽ സിനിമയുടെ നിർമ്മാതാക്കളായ എജിഎസ് ഫിലിംസിന്റെ പണമിടപാടുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യൽ. ആദായ നികുതി റിട്ടേൺ സമർപ്പിച്ചതിൽ ക്രമക്കേടുണ്ടോയെന്നാണ് പരിശോധിക്കുന്നത്. എജിഎസ് ഫിലിംസിന്റെ ചെന്നൈയിൽ ഉൾപ്പടെയുള്ള ഓഫീസുകളിൽ കഴിഞ്ഞ ദിവസം ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു.

വിജയിയെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ മാസ്റ്റേഴ്‌സിന്റെ ഷൂട്ടിങ്ങ് തൽക്കാലത്തേക്ക് നിർത്തിവച്ചു. ചെന്നൈ സാലിഗ്രാമത്തിലെ വിജയിയുടെ വസതിയിലും ആദായനികുതി വകുപ്പ് പരിശോധന നടത്തി.

അതേസമയം, ജിഎസ്ടി, നോട്ട് റദ്ദാക്കൽ തുടങ്ങിയ വിഷയങ്ങളിൽ നരേന്ദ്രമോഡി സർക്കാരിനെ വിമർശിച്ചും അത്തരം രംഗങ്ങൾ ചിത്രങ്ങളിൽ ഉൾപ്പെടുത്തിയും വിവാദമുണ്ടാക്കിയ വിജയ്‌യെ കേന്ദ്ര സർക്കാർ മനഃപൂർവ്വം ദ്രോഹിക്കുകയാണ് എന്നാണ് സോഷ്യൽമീഡിയയിൽ ഉയരുന്ന പ്രധാന ആരോപണം. മോഡിയെ വിമർശിച്ചതിന് ജോസഫ് വിജയിയെന്നെഴുതിയ കോലം കത്തിച്ചും ഫ്‌ളക്‌സുകൾ കീറിയുമാണ് അന്ന് ബിജെപി പ്രവർത്തകർ പ്രതിഷേധിച്ചത്.

ബിജെപി അനുകൂല പ്രസ്താവനകൾക്ക് പിന്നാലെ രജനീകാന്തിനെതിരായ നികുതി കേസുകൾ ആദായ നികുതി അവസാനിപ്പിച്ചത് ദിവസങ്ങൾക്ക് മുമ്പാണ്. ഇതിന് പിന്നാലെയാണ് വിജയിക്ക് എതിരായ നടപടി. ഇതാണ് സോഷ്യൽമീഡിയയും ചൂണ്ടിക്കാണിക്കുന്നത്.

Exit mobile version