ന്യൂഡല്‍ഹി: സാമൂഹികമാധ്യമ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. സാമൂഹികമാധ്യമ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ പദ്ധതി നിര്‍ദേശമൊന്നുമില്ലെന്ന് കേന്ദ്ര ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ് ലോക്‌സഭയില്‍ പറഞ്ഞു.
അതേസമയം, സാമൂഹികമാധ്യമങ്ങള്‍ വഴിയുള്ള വ്യാജവാര്‍ത്തകളും അശ്ലീലദൃശ്യ പ്രചാരണവും തടയാന്‍ നടപടിയെടുത്തെന്ന് രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കി. കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത് വ്യാപകമായിട്ടുണ്ടെന്നും ഇതുതടയാന്‍ നടപടിയെടുത്തുവെന്നും ലോക്‌സഭയില്‍ ഉയര്‍ന്ന ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.
സാമൂഹികമാധ്യമ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ പദ്ധതി നിര്‍ദേശമൊന്നുമില്ലെന്ന് മന്ത്രി പറഞ്ഞപ്പോള്‍ സാമൂഹികമാധ്യമങ്ങളെക്കുറിച്ച് പ്രത്യേകചര്‍ച്ച നടത്തേണ്ടതുണ്ടെന്ന് സ്പീക്കര്‍ ഓം ബിര്‍ളയും പറഞ്ഞു.
സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ട 3.94 ലക്ഷം സംഭവങ്ങള്‍ ഈ വര്‍ഷം റിപ്പോര്‍ട്ടുചെയ്തതായി ഐടി സഹമന്ത്രി സഞ്ജയ് ധോത്രെ മറ്റൊരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു. കേന്ദ്രമന്ത്രിമാര്‍, മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ വകുപ്പുകള്‍ എന്നിവയുടേതായി 54 വെബ്‌സൈറ്റുകള്‍ ഈ വര്‍ഷം ഹാക്ക് ചെയ്യപ്പെട്ടെന്ന് മന്ത്രി വെളിപ്പെടുത്തി.