ബംഗളൂരു: യെദ്യൂരപ്പ സര്‍ക്കാരിന്റെ കര്‍ണാടക മന്ത്രിസഭാ വികസനം ഇന്ന്. രാവിലെ 10.30ന് രാജ്ഭവനില്‍ പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ നടക്കും. മറ്റ് പാര്‍ട്ടികളില്‍ നിന്നും കൂറുമാറി ബിജെപി ടിക്കറ്റില്‍ മത്സരിച്ച് വിജയിച്ച 10 എംഎല്‍എമാര്‍ക്ക് പുതുതായി മന്ത്രിസ്ഥാനം ലഭിക്കും.
നിലവില്‍ മുഖ്യമന്ത്രി അടക്കം 18 മന്ത്രിമാരാണ് യെദ്യൂരപ്പ മന്ത്രിസഭയിലുള്ളത്. മന്ത്രിസ്ഥാനം സംബന്ധിച്ച് പാര്‍ട്ടി നേതാക്കളുമായി ഡല്‍ഹിയില്‍ നടത്തിയ ചര്‍ച്ചയില്‍ തീരുമാനം ഉണ്ടായതായി യെദ്യൂരപ്പ മാധ്യമങ്ങളോട് പറഞ്ഞു. കോണ്‍ഗ്രസ്, ജെഡിഎസ് എന്നീ പാര്‍ട്ടികളില്‍നിന്ന് കൂറുമാറി ബിജെപിയില്‍ എത്തിയ എംഎല്‍എമാര്‍ക്കാണ് പുതുതായി മന്ത്രിസ്ഥാനം ലഭിക്കുക.
കൂറുമാറി ബിജെപിക്കൊപ്പം ചേരുകയും ഉപതിരഞ്ഞെടുപ്പില്‍ വിജയിക്കുകയും ചെയ്ത എംഎല്‍എമാരില്‍ മഹേഷ് കുമത്തള്ളി മാത്രമാണ് മന്ത്രിസഭാ വികസനത്തില്‍ ഉള്‍പ്പെടാത്തത്. നിലവില്‍ ഇദ്ദേഹത്തെക്കൂടി ഉള്‍പ്പെടുത്താന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്നും തീര്‍ച്ചയായും അദ്ദേഹത്തിന് സുപ്രധാനമായ സ്ഥാനംതന്നെ നല്‍കുമെന്നും യെദ്യൂരപ്പ വ്യക്തമാക്കി.
നിലവില്‍ 34 മന്ത്രിസ്ഥാനങ്ങളില്‍ 16 എണ്ണം ഒഴിഞ്ഞുകിടക്കുകയാണ്. ബിജെപിയില്‍ നേരത്തെ മുതലുള്ള എംഎല്‍എമാര്‍ക്കും മന്ത്രിസഭയില്‍ സ്ഥാനം നല്‍കുമെന്ന് നേരത്തെ യദ്യൂരപ്പ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തത വന്നിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
Discussion about this post