ന്യൂഡൽഹി: രാജ്യത്തെ നടുക്കിയ ഡൽഹി നിർഭയ കൂട്ടബലാത്സംഗക്കേസിലെ മറ്റൊരു പ്രതിയുടെ ദയാഹർജിയും രാഷ്ട്രപതി തള്ളി. ഇതോടെ കേസിലെ മൂന്നാമത്തെ ദയാഹർജിയാണ് രാഷ്ട്രപതി തള്ളുന്നത്. പ്രതി അക്ഷയ് താക്കൂറിന്റെ ദയാഹർജിയാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് തള്ളിയത്. നേരത്തെ ഇയാളുടെ പുനഃപരിശോധന ഹർജിയും തിരുത്തൽ ഹർജിയും സുപ്രീംകോടതി തള്ളിയിരുന്നു.
കേസിലെ മറ്റ് രണ്ട് പ്രതികളായ വിനയ് ശർമ്മ, മുകേഷ് സിങ് എന്നിവരുടെ ദയാഹർജികൾ രാഷ്ട്രപതി നേരത്തെ തള്ളിയിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് അക്ഷയ് താക്കൂറിന്റെ ദയാഹർജിയും തള്ളിയത്. ദയാഹർജി തള്ളിയാൽ 14 ദിവസം കഴിഞ്ഞ് മാത്രമേ പ്രതികളെ തൂക്കിലേറ്റാവൂ എന്നാണ് നിയമം. അതിനാൽ വധശിക്ഷ നീട്ടിവെയ്ക്കാനായി പ്രതികൾ ഓരോരുത്തരായി നിയമത്തിന്റെ പഴുതുകൾ തേടിക്കൊണ്ടിരിക്കുകയാണ്.
ഇതിനിടെ നിർഭയ കേസിൽ ഡൽഹി ഹൈക്കോടതിയുടെ വധശിക്ഷ ഒന്നിച്ച് മാത്രമെന്ന വിധിക്കെതിരെ കേന്ദ്രസർക്കാർ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. നിർഭയ കേസിൽ പ്രതികളുടെ ശിക്ഷ വെവ്വേറെ നടപ്പാക്കണം എന്നാവശ്യപ്പെട്ടുള്ള കേന്ദ്ര സർക്കാരിന്റെ ഹർജി ഡൽഹി ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് വീണ്ടും കേന്ദ്രത്തിന്റെ നീക്കം.
Discussion about this post