ഡൽഹി: ഷഹീൻബാഗിൽ പൗരത്വ നിയമ ഭേദഗതിക്കെതിരെ പോരാടുന്നവർക്ക് സമീപത്തു നിന്നും ആകാശത്തേക്ക് വെടിയുതിർത്ത വ്യക്തി ആം ആദ്മി പാർട്ടിക്കാരൻ ആണെങ്കിൽ ഇരട്ടി ശിക്ഷ നൽകാൻ ആവശ്യപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ. രാജ്യസുരക്ഷയിൽ വിട്ടുവീഴ്ച പാടില്ലെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോട് അഭ്യർത്ഥിക്കാനുള്ളത്. ക്രമസമാധാന നില തകർത്തതിന്റെ ഉത്തരവാദിത്വം ആർക്കാണെങ്കിലും അവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കെജരിവാൾ അഭിപ്രായപ്പെട്ടു.
നേരത്തെ, ഷഹീൻബാഗിൽ വെടിവെപ്പ് നടത്തിയ കപിൽ ഗുജ്ജർ ആം ആദ്മി പാർട്ടിക്കാരനാണെന്ന് ഡൽഹി പോലീസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതേ തുടർന്നാണ് വിഷയത്തിൽ പ്രതികരണവുമായി കെജരിവാൾ രംഗത്തെത്തിയത്. കപിൽ ഗുജ്ജറിന് ഏതെങ്കിലും പാർട്ടിയുമായി ബന്ധമുണ്ടോ എന്ന് എനിക്കറിയില്ല. ആം ആദ്മി പാർട്ടിയുമായി അകന്ന ബന്ധമെങ്കിലും ഉണ്ടെങ്കിൽ അയാൾക്ക് ഇരട്ടി ശിക്ഷ നൽകണം. രാജ്യസുരക്ഷയിൽ രാഷ്ട്രീയം പാടില്ല. നിയമസഭാ തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ ബാക്കിനിൽക്കെയാണ് പോലീസ് ഉദ്യോഗസ്ഥരെ പത്രസമ്മേളനം നടത്താൻ അദ്ദേഹം അയച്ചത്. അതിന്റെ ലക്ഷ്യം വ്യക്തമാണ്. ജനങ്ങൾ വിഡ്ഢികളല്ല. വെടിവെപ്പ് നടത്തിയ ആൾ എഎപിയോ ബിജെപിയോ കോൺഗ്രസോ ആകട്ടെ അയാളെ ജയിലിൽ അടയ്ക്കൂവെന്നും കെജരിവാൾ ആവശ്യപ്പെട്ടു.
അതേസമയം, അറസ്റ്റിലായ കപിൽ ആം ആദ്മി പാർട്ടിക്കാരനാണെന്ന വാദം കുടുംബാംഗങ്ങളും നിഷേധിച്ചിരുന്നു.
Discussion about this post