ന്യൂഡല്‍ഹി: മാധ്യമപ്രവര്ത്തകന് അര്‍ണബ് ഗോസ്വാമിയെ പരിഹസിച്ച സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ കുനാല്‍ കമ്രയ്ക്ക് എയര്‍ ഇന്ത്യ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതിന്റെ പേരില്‍ ഇപ്പോള്‍ പണികിട്ടിയിരിക്കുന്നത് ബോസ്റ്റണില്‍ സ്ഥിരതാമസക്കാരനായ മറ്റൊരു കുനാല്‍ കമ്രയ്ക്കാണ്. പേര് കുനാല്‍ കമ്രയാണെന്ന് അറിഞ്ഞതോടെ എയര്‍ ഇന്ത്യ ഇയാളുടെ ടിക്കറ്റും റദ്ദാക്കി.
എയര്‍ ഇന്ത്യയുടെ വിമാനത്തില്‍ ജയ്പൂരില്‍ നിന്ന് മുംബൈയിലേക്ക് പോകാനാണ് കുനാല്‍ കമ്ര ടിക്കറ്റ് എടുത്തത്. ചെക്ക് ഇന്‍ കൗണ്ടറില്‍ എത്തിയപ്പോഴാണ് തന്റെ ടിക്കറ്റ് റദ്ദാക്കിയെന്ന് അറിഞ്ഞത്. തുടര്‍ന്ന് അന്വേഷിച്ചപ്പോള്‍ കുനാല്‍ കമ്ര എന്ന പേര് ബ്ലാക്ക് ലിസ്റ്റ് ചെയ്തെന്നായിരുന്ന മറുപടി ലഭിച്ചത്.
സംഭവത്തില്‍ ഇയാള്‍ പ്രതികരിച്ചതോടെ അധികൃതര്‍ മറ്റൊരു ടിക്കറ്റ് അനുവദിച്ചു. പേര് അതാണെന്ന് കരുതി തന്റെ ടിക്കറ്റ് എന്തിന് റദ്ദാക്കിയെന്നാണ് ഈ കുനാല്‍ കമ്രയുടെ ചോദ്യം. കുനാല്‍ കമ്ര എന്ന പേര് എത്ര പേര്‍ക്ക് ഉണ്ടാവാം. ആ പേര് കാണുമ്പോള്‍ തന്നെ ടിക്കറ്റ് റദ്ദാക്കുന്നതില്‍ എന്താണ് യുക്തിയെന്ന് കുനാല്‍ കമ്ര ചോദിക്കുന്നു. രേഖകള്‍ സൂക്ഷ്മപരിശോധനക്ക് വിധേയമാക്കിയ ശേഷം മാത്രമാണ് പിന്നീട് ഇയാളെ യാത്ര ചെയ്യാന്‍ എയര്‍ ഇന്ത്യ അനുവദിച്ചത്.
Discussion about this post