ന്യൂഡല്‍ഹി: താന്‍ ഏതു വിഷയത്തില്‍ വേണമെങ്കിലും സംവാദത്തിന് തയ്യാറാണെന്നും നിങ്ങള്‍ തയ്യാറാണോയെന്നും കേന്ദ്ര ആഭ്യന്തരമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ അമിത് ഷായെ വെല്ലുവിളിച്ച് ആം ആദ്മി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്. പരസ്യമായി താന്‍ സംവാദത്തിന് തയ്യാറാണെന്ന് കെജ്രിവാള് വ്യക്തമാക്കി.
ഫെബ്രുവരി എട്ടിന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്തിനാണ് ബിജെപിക്ക് വോട്ട് ചെയ്യേണ്ടതെന്ന് രാജ്യ തലസ്ഥാനത്തെ ജനങ്ങള്‍ക്ക് അറിയണമെന്ന് പറഞ്ഞ കെജ്രിവാള് ഡല്‍ഹിയില്‍ അധികാരം പിടിച്ചെടുക്കാന്‍ ബിജെപി വൃത്തികെട്ട രാഷ്ട്രീയമാണ് കളിക്കുന്നതെന്നും ചൂണ്ടിക്കാട്ടി.
രണ്ട് മാസത്തോളമായി പൗരത്വ ഭേദഗതി നിയമത്തിനെതിരെ പൊതുജന പ്രതിഷേധം നടക്കുന്ന ശഹീന്‍ ബാഗിന് സമീപമുള്ള റോഡുകളിലെ തടസം ബിജെപി എന്തുകൊണ്ടാണ് നീക്കാത്തതെന്നും അദ്ദേഹം ചോദിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ബിജെപി ഡല്‍ഹിക്ക് വേണ്ടി എന്താണ് ചെയ്തതെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് ആഗ്രഹമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിജെപി നേതാവ് അമിത് ഷാ ജനങ്ങളുടെ വോട്ട് തേടുന്നത് ഡല്‍ഹിയിലെ അടുത്ത മുഖ്യമന്ത്രി ആരായിരിക്കുമെന്ന് താന്‍ തീരുമാനിക്കുമെന്ന് പറഞ്ഞാണ്. ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് നിങ്ങള്‍ എങ്ങനെയാണ് ഒരു ‘ബ്ലാങ്ക്’ ചെക്ക് നല്കാന് കഴിയുക? അവര്‍ വിഡ്ഢികളല്ലെന്നും കെജ്രിവാള് വ്യക്തമാക്കി.
Discussion about this post